കോഹ്ലിയെ എന്തിനാണ് ഇന്ത്യ ഓപ്പണിങ് ഇറക്കുന്നത്!! ഇന്ത്യ കാട്ടിയ മണ്ടത്തരങ്ങൾ തുറന്ന് പറഞ്ഞു മുൻ താരം!!

   

ആദ്യ ഏകദിനത്തിലേതുപോലെ വളരെയധികം അപ്രതീക്ഷിതം തന്നെയായിരുന്നു ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ പരാജയവും. മത്സരത്തിൽ മികച്ച ഒരു തിരിച്ചുവരവ് നടത്തിയ ഇന്ത്യയ്ക്ക് അവസാനം കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു. എന്നാൽ മത്സരത്തിൽ ഇന്ത്യ കുറച്ചധികം മണ്ടത്തരങ്ങൾ കാട്ടിയതാണ് പരാജയത്തിന് കാരണമായതെന്ന് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റർ കമ്രാൻ അക്മൽ പറയുന്നു. ഇന്ത്യ രണ്ടാം ഏകദിനത്തിൽ വിരാട് കോഹ്ലിയെ ഓപ്പണിംഗിന് ഇറക്കേണ്ടിയിരുന്നില്ല എന്നാണ് അക്മലിന്റെ പക്ഷം.

   

“വിരാട് കോഹ്ലിയെ ഇന്ത്യ ഓപ്പണിങ് ഇറക്കിയത് തന്നെ ഇന്ത്യയ്ക്ക് ബാറ്റിംഗ് ഓർഡറിൽ പറ്റിയ വലിയൊരു മണ്ടത്തരമാണ്. ഇന്ത്യയ്ക്ക് കേ എൽ രാഹുൽ എന്നൊരു സ്പെഷ്യലിസ്റ്റ് ഓപ്പണർ ഉണ്ടായിരുന്നു. അയാൾ വിവിധ ഫോർമാറ്റുകളിൽ ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്. അതായിരുന്നു ചെയ്യേണ്ടത്. മാത്രമല്ല വാഷിംഗ്ടൺ സുന്ദറിനെ നാലാം നമ്പറിൽ ഇറക്കിയതും ഇന്ത്യയ്ക്ക് തന്ത്രത്തിൽ പറ്റിയ പാളിച്ചയാണ്.”- അക്മൽ പറയുന്നു.

   

ഇതോടൊപ്പം ശ്രേയസ് അയ്യരുടെ ഭാഗത്തുനിന്നും പിഴവുണ്ടായതായും അക്മൽ പറയുന്നു. “ശ്രേയസ് നന്നായി കളിച്ചു. അയാൾ 82 റൺസും നേടി. എന്നാൽ തെറ്റായ സമയത്താണ് അയാൾ പുറത്തായത്. അയാൾ ടീമിനായി മത്സരം ഫിനിഷ് ചെയ്യേണ്ടതായിരുന്നു. ഒരു കളിക്കാരൻ ഇത്തരം മത്സരങ്ങൾ ടീമിനായി വിജയിക്കണം. എന്തായാലും അയാൾ അവസാനം വരെ ബാറ്റ് ചെയ്യേണ്ടതായിരുന്നു.”- അക്മൽ കൂട്ടിച്ചേർക്കുന്നു.

   

ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിൽ അഞ്ചു റൺസിനായിരുന്നു ഇന്ത്യ പരാജയമറിഞ്ഞത്. മത്സരത്തിൽ ശ്രേയസ് അയ്യരും അക്ഷർ പട്ടേലും രോഹിത് ശർമയും ഇന്ത്യക്കായി പ്രകടനങ്ങൾ കാഴ്ചവെച്ചെങ്കിലും വിജയലക്ഷ്യത്തിൽ എത്തുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. നാളെയാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ അവസാന ഏകദിനം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *