ഇന്ത്യ കളിക്കാർക്ക് റോൾ നിശ്ചയിച്ചുകൊടുക്കണം!! അല്ലെങ്കിൽ ലോകകപ്പ് നഷ്ടമാകും – സൽമാൻ ബട്ട് പറയുന്നു

   

2023ലെ 50 ഓവർ ലോകകപ്പിന് ഇനിയും ഒരുപാട് നാളുകൾ ബാക്കിയില്ല. ആ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന് തുടർച്ചയായി ഉണ്ടാകുന്ന പരാജയങ്ങൾ പല തരത്തിലും ആശങ്കകൾ വിതറുന്നത് തന്നെയാണ്. ട്വന്റി20 ലോകകപ്പിനു ശേഷം ന്യൂസിലാൻഡിനോടേറ്റ പരാജയവും ബംഗ്ലാദേശിനോടേറ്റ അപ്രതീക്ഷിത പരാജയവുമൊക്കെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുന്നോട്ടുപോകാൻ ഇന്ത്യയ്ക്ക് സാധിക്കില്ല എന്നത് വസ്തുതയാണ്. അതിനാൽ ഇന്ത്യ തങ്ങളുടെ കളിക്കാർക്ക് കൃത്യമായ റോൾ നിശ്ചയിച്ചു നൽകി ടീം ശക്തിപ്പെടുത്തണമെന്നാണ് മുൻ പാക്കിസ്ഥാൻ താരം സൽമാൻ ബട്ട് പറയുന്നത്.

   

ഇന്ത്യ തങ്ങളുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ പരിക്കുപറ്റിയ രോഹിത്തിന് പകരം വിരാട് കോഹ്ലിയെ ഓപ്പണിങ്ങിറക്കിയ സാഹചര്യത്തിലാണ് സൽമാൻ ബട്ട് ഇക്കാര്യം പറഞ്ഞത്. “ലോകകപ്പിന് ഇനി ഒരു വർഷത്തിൽ താഴെ മാത്രമാണ് ഉള്ളത്. അതിനാൽതന്നെ കളിക്കാർക്ക് അവരുടെ റോൾ വ്യക്തമായിരിക്കണം. ഇത് ടീമിന് നല്ലത് മാത്രമേ വരുത്തൂ. അല്ലാത്തപക്ഷം ടീമിൽ തങ്ങളുടെ സ്ഥാനത്തിനായി കളിക്കാൻ പരിശ്രമിക്കും.”- സൽമാൻ ബട്ട് പറയുന്നു.

   

ഇതോടൊപ്പം ഇന്ത്യൻ ബോളിംഗിലെ പ്രശ്നങ്ങളെപറ്റിയും സൽമാൻ ബട്ട് സംസാരിക്കുകയുണ്ടായി. “ഇന്ത്യൻ ബോളർമാർക്ക് ന്യൂബോളിലെ പോലെ പഴയ ബോളിൽ റിസൾട്ട് ഉണ്ടാക്കാൻ സാധിക്കുന്നില്ല. ബൂമ്രയ്ക്ക് മാത്രമാണ് ഏതു ബോളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നത്. അയാളുടെ കാലിബറുള്ള മറ്റൊരു ബോളറും ടീമിലില്ല. വാലറ്റക്കാരെ പോലും ഇന്ത്യൻ ബോളർമാർക്ക് പുറത്താക്കാൻ പറ്റാത്തത് വലിയ ആശങ്ക തന്നെയാണ്.”- ബട്ട് കൂട്ടിച്ചേർക്കുന്നു.

   

പഴയ ബോളിൽ ഇന്ത്യൻ ബോളർമാർക്ക് വിക്കറ്റ് നേടാൻ സാധിക്കാത്തത് ഇന്ത്യയ്ക്ക് ഭാവിയിലും പ്രശ്നമുണ്ടാക്കും എന്ന് സൽമാൻ ബട്ട് പറയുന്നു. ഐപിഎല്ലും ഒരുപാട് അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടും ഇന്ത്യൻ ബോളർമാർ ഈ നില തുടരുന്നത് ആശങ്ക തന്നെയാണെന്നാണ് ബട്ടിന്റെ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *