ക്രിക്കറ്റ് എന്നും അപകടങ്ങൾ നിറഞ്ഞ കായികം തന്നെയാണ്. അതിനാൽതന്നെയാണ് കളിക്കാർക്ക് എല്ലാ ബോർഡുകളും കൃത്യമായ പരിശീലനം നൽകുന്നതും. എന്നാൽ വളരെയേറെ അത്ഭുതപ്പെടുത്തിയ ഒരു സംഭവം കഴിഞ്ഞ ദിവസം ശ്രീലങ്കൻ പ്രീമിയർ ലീഗിൽ ഉണ്ടായി. ശ്രീലങ്കയുടെ ക്രിക്കറ്ററായ ചമിക കരുണാരത്നെ ഒരു ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ബോൾ കൃത്യമായി വായിലേക്ക് കൊള്ളുകയും, അദ്ദേഹത്തിന്റെ നാല് പല്ലുകൾ പോവുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഈ അപകടവീഡിയോ വൈറലായിരുന്നു.
ലങ്കൻ പ്രീമിയർ ലീഗിലെ കാൻഡി ടീമും ഗല്ലേ ടീമും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു ഈ സംഭവം അരങ്ങേറിയത്. ഗല്ലെ ഗ്ലാഡിയേറ്റേഴ്സ് ടീമിന്റെ നാലാം ഓവർ. ബാറ്റർ ലുവനിന്തു ഫെർണാണ്ടൊ, കാർലോസ് ബ്രാത്വെയ്റ്റിന്റെ ബോൾ ഉയർത്തി അടിച്ചു. ഒരുപാട് ഉയർന്ന ബോൾ കരുണാരത്നയുടെ കൈകളിലേക്ക് വന്നു. എന്നാൽ അത് കൃത്യമായി അദ്ദേഹത്തിന്റെ വായിൽ കൊണ്ടു. പെട്ടെന്ന് തന്നെ കരുണാരത്നെ വായ പൊത്തി. എന്നിരുന്നാലും ആ വേദനയ്ക്കിടയിലും ആ ക്യാച്ച് അദ്ദേഹം വിട്ടുകളഞ്ഞില്ല.
ഇതോടെ കരുണാരത്നയ്ക്ക് പരിക്കുപറ്റി. അയാളുടെ വായിൽ നിന്നും രക്തം ഒലിക്കാൻ തുടങ്ങി. ടീം ഫിസിയോ മൈതാനത്ത് ഓടിയെത്തുകയും കരുണാരത്നയെ മൈതാനത്തുനിന്ന് കൊണ്ടുപോവുകയും ചെയ്തു. ശേഷം ഇൻസ്റ്റഗ്രാമിലൂടെ കാൻഡി ടീം കരുണാരത്നെയുടെ പരിക്കിന്റെ പൂർണമായ വിവരങ്ങൾ പുറത്തുവിട്ടു. ക്യാച്ച് എടുക്കുന്നതിനിടെ കരുണാരത്നയുടെ നാലു പല്ലുകൾക്ക് ഒടുവിൽ സംഭവിച്ചെന്നും അത്യാവശ്യ സർജറി ആവശ്യമാണെന്നുമാണ് കാൻഡി ടീം അറിയിച്ചത്.
മുൻപും ക്രിക്കറ്റ് മൈതാനങ്ങളിൽ പലർക്കും പരിക്കുകൾ ഉണ്ടായിട്ടുണ്ട്. ഓസ്ട്രേലിയൻ താരം ഫിൽ ഹ്യൂസിന്റെ മരണം പോലും ക്രിക്കറ്റ് ഒരു അപകടം പിടിച്ച കായികമാണെന്ന് കാട്ടിത്തരുന്നതായിരുന്നു. ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം.
During a LPL game, Chamika Karunaratne loses 4 teeth while attempting this catch, he was later taken to the hospital for further treatment.#chamikakarunaratne #lpl#LPLT20 #CricketTwitter#topedgecricket pic.twitter.com/e1vwQMLlHT
— Top Edge Cricket (@topedge_cricket) December 8, 2022