രോഹിത്തിനെയും കോഹ്ലിയെയും ദ്രാവിഡിനെയും വിളിപ്പിച്ച് ബിസിസിഐ!! യോഗം ഉടൻ ചേരും

   

ബംഗ്ലാദേശിനെതിരായ പരമ്പരയിലെ പരാജയത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റിനായി പുതിയ ചുവടുകൾ വെച്ച് ബിസിസിഐ. പരമ്പരയിലെ പരാജയത്തിന്റെ അടിസ്ഥാനത്തിൽ ഒരു അവലോകനയോഗം ചേരാനാണ് ബിസിസിഐയുടെ തീരുമാനം. ഇന്ത്യൻ ടീമിനായി ഹെഡ്കോച്ച് രാഹുൽ ദ്രാവിഡ്, എൻസിഎ ചീഫ് വിവിഎസ് ലക്ഷ്മൺ, ക്യാപ്റ്റൻ രോഹിത് ശർമ, മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവരാവും യോഗത്തിൽ പങ്കെടുക്കുന്നത്. ബംഗ്ലാദേശിനെതിരായ പര്യടനത്തിനുശേഷമാണ് പ്രസ്തുത യോഗം നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ഒരു ഏകദിനവും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യയ്ക്ക് ബംഗ്ലാദേശിൽ അവശേഷിക്കുന്നുണ്ട്.

   

ഇന്ത്യയുടെ 2022ലെ ലോകകപ്പിലെ പരാജയത്തിനുശേഷം പ്രസ്തുത അവലോകനയോഗം ചേരാനിരുന്നതാണ്. എന്നാൽ ആ സമയത്ത് ബിസിസിഐയുടെ തിരക്കും മറ്റും കണക്കിലെടുത്ത് യോഗം മാറ്റിവെക്കുകയായിരുന്നു. എന്നാൽ ബംഗ്ലാദേശിനെതിരായ പരമ്പരയിലും ഇന്ത്യ അതിശയകരമായി പരാജയമറിഞ്ഞതോടെ ബിസിസിഐ കാര്യങ്ങൾ വളരെ എളുപ്പത്തിൽ നീക്കുകയാണ്.

   

“ബംഗ്ലാദേശ് പര്യടനത്തിന് മുമ്പ് ഇങ്ങനെയൊരു യോഗം ചേരാൻ ഞങ്ങൾക്ക് സാധിച്ചിരുന്നില്ല. കാരണം അന്ന് കുറച്ച് ഉദ്യോഗസ്ഥർ തിരക്കിലായിരുന്നു. എന്നാൽ ബംഗ്ലാദേശിൽ നിന്ന് ടീം തിരികെ എത്തിയാലുടൻ യോഗം ചേരാനാണ് ഞങ്ങളുടെ നീക്കം. ബംഗ്ലാദേശിനെതിരെ മോശം പ്രകടനം തന്നെയാണ് ഇന്ത്യ നടത്തിയത്. പരമ്പരയിൽ ഇത്തരം ഒരു പരാജയം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.”- ഒരു ബിസിസിഐ ഒഫീഷ്യൽ അറിയിച്ചു.

   

ബംഗ്ലാദേശിനെതിരായ പരമ്പര 2-0ന് ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. കൂടാതെ നായകൻ രോഹിത് ശർമയ്ക്കും ദീപക് ചാഹറിനും കുൽദീപ് സെന്നിനും പരമ്പരയിൽ പരുക്കും പറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിസിസിഐ അവലോകന യോഗത്തിന് തയ്യാറാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *