ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിലെ പരാജയത്തിനുശേഷം ഇന്ത്യ ഇന്ന് രണ്ടാം ഏകദിനത്തിന് ഇറങ്ങിയിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയും ടീമംഗങ്ങളെയും പോലും ഞെട്ടിപ്പിക്കുന്ന പരാജയം തന്നെയായിരുന്നു ഇന്ത്യയ്ക്ക് ആദ്യ മത്സരത്തിൽ നേരിടേണ്ടി വന്നത്. എന്നാൽ അതിൽ നിന്ന് വമ്പൻ തിരിച്ചുവരവിന് തന്നെയാണ് ഇന്ത്യ ശ്രമിക്കുന്നത് എന്നാണ് ഇന്ത്യയുടെ ഓപ്പണർ ശിഖർ ധവാൻ പറയുന്നത്.
ഈ സാഹചര്യങ്ങളിൽ നിന്നും എങ്ങനെ തിരിച്ചു വരണമെന്ന് തങ്ങൾക്ക് പൂർണ്ണമായ ബോധ്യമുണ്ടെന്ന് ശിഖർ ധവാൻ പറഞ്ഞത്. “ഞങ്ങൾ വളരെ വലിയ ആത്മവിശ്വാസത്തിൽ തന്നെയാണ്. ഇതാദ്യമായിയല്ല ഒരു പരമ്പരയുടെ ആദ്യ മത്സരത്തിൽ ഞങ്ങൾ പരാജയപ്പെടുന്നത്. ഇത് സ്വാഭാവികമാണ്. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് എങ്ങനെ തിരിച്ചുവരണമെന്ന് പൂർണബോധ്യം ഞങ്ങൾക്കുണ്ട്. എന്നിരുന്നാലും ബംഗ്ലാദേശ് മികച്ച രീതിയിൽ തന്നെയാണ് കളിക്കുന്നത്.”- ശിഖർ ധവാൻ പറയുന്നു.
“ഒന്നാം ഏകദിനം വളരെ മികച്ച ഒരു ലോ-സ്കോറിംഗ് മത്സരം തന്നെയായിരുന്നു. ഒടുവിൽ ബംഗ്ലാദേശ് ഞങ്ങളുടെ പക്കൽ നിന്നും വിജയം തട്ടിയെടുത്തു. സാധാരണയായി അങ്ങനെ സംഭവിക്കാറില്ല. എവിടെയാണ് ഞങ്ങൾക്ക് തെറ്റുപറ്റിയതെന്നും എവിടെയാണ് ശ്രദ്ധിക്കേണ്ടതെന്നും ഞങ്ങൾ വിശകലനം ചെയ്തിട്ടുണ്ട്. വരുന്ന മത്സരങ്ങളിൽ കൂടുതൽ നല്ല പ്രകടനങ്ങളോടെ ഞങ്ങൾ തിരിച്ചുവരാൻ തന്നെ ശ്രമിക്കും.”- ശിഖർ ധവാൻ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ഏകദിനം ധാക്കയിൽ ആരംഭിച്ചിട്ടുണ്ട്. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയാണ് ചെയ്തത്. ഇന്ത്യക്കായി ഓപ്പൺമാരുടെ വിക്കറ്റ് മുഹമ്മദ് സിറാജ് വീഴ്ത്തിയിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യ വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.