ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിലെ പരാജയം ഇന്ത്യൻ ക്യാമ്പിലാകെ നിരാശയുണ്ടാക്കിയിട്ടുണ്ട്. വിജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ അത്ഭുതകരമായിയായിരുന്നു ബംഗ്ലാദേശ് വിജയം കണ്ടത്. എന്നാൽ ഇന്ത്യയ്ക്ക് അടുത്ത മത്സരത്തിൽ ഒരു വമ്പൻ വിജയം നേടി ശക്തമായി തന്നെ തിരിച്ചുവരാൻ സാധിക്കും എന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറയുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇതേ രീതിയിൽ 0-1ന് പിന്നിൽ നിന്ന ശേഷമായിരുന്നു ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അത് വീണ്ടും ആവർത്തിക്കേണ്ടതുണ്ട് എന്നാണ് വസീം ജാഫർ പറയുന്നത്.
“മുൻപും ഇതുണ്ടായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യ 0-1ന് പിന്നിലായിരുന്നു. ശേഷം അടുത്ത രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. അവർക്കത് വീണ്ടും ആവർത്തിക്കാൻ സാധിക്കും. എന്നിരുന്നാലും അവരുടെ ഹോം കണ്ടീഷനിൽ ബംഗ്ലാദേശ് അപകടകരമായ ഒരു ടീം തന്നെയാണ്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല.”- വസീം ജാഫർ പറയുന്നു.
“ഇന്ത്യ ബാറ്റിംഗിൽ ഉണ്ടായ ഞെട്ടിക്കുന്ന ദുരന്തത്തിൽ നിന്ന് പുറത്തുവന്നേ പറ്റൂ. ബാറ്റിംഗിൽ അവർ 30 റൺസെങ്കിലും പിന്നിലായിരുന്നു. അവർക്ക് 50 ഓവറുകൾ പൂർണ്ണമായും ബാറ്റ് ചെയ്യാൻ പോലും സാധിച്ചില്ല. അത് ഇന്ത്യ മറികടക്കണം. കാരണം നമ്മുടെ ഒമ്പതാം നമ്പർ ബാറ്റർക്ക് വരെ ബാറ്റ് ചെയ്യാൻ സാധിക്കും. രണ്ടാം മത്സരത്തിൽ 50 ഓവറുകളും ഇന്ത്യ കളിക്കണം. ഈ വിക്കറ്റിൽ 230-240 റൺസോക്കെ ഭേദപ്പെട്ട സ്കോറാണെന്നാണ് ഞാൻ കരുതുന്നത്.”- വസീം ജാഫർ കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം ഇന്ത്യ രണ്ടാം ഏകദിനത്തിൽ അക്ഷർ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തണമെന്നും വസീം ജാഫർ പറയുകയുണ്ടായി. ഷാക്കിബ് ബംഗ്ലാദേശിനായി എറിയുകയും അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു. ആ സാഹചര്യത്തിൽ ഇന്ത്യ അക്ഷർ പട്ടേലിനെ കളിപ്പിക്കുന്നതാവും ഉത്തമമെന്ന് ജാഫർ പറഞ്ഞുവെക്കുന്നു.