ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിലെ പരാജയത്തിൽ ഒരു പരിധിവരെ നായകൻ രോഹിത് ശർമയ്ക്കും പങ്കുണ്ട്. മത്സരത്തിൽ രോഹിത് കൈക്കൊണ്ട പല തീരുമാനങ്ങളും കൃത്യമായി പാളിയിരുന്നു. ഇതോടൊപ്പം ഇന്ത്യയുടെ ഫീൽഡർമാരുടെ കയ്യിൽ നിന്നും പിഴവുകൾ കൂടി വന്നതോടെ ഇന്ത്യ മത്സരത്തിൽ പരാജയപ്പെട്ടു. മത്സരത്തിലെ രോഹിത്തിന്റെ മോശം ക്യാപ്റ്റൻസിയെയും തന്ത്രങ്ങളെയും വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
രോഹിതിന്റെ മത്സരത്തിലെ തന്ത്രങ്ങളുടെ കാര്യത്തിൽ താൻ ഒട്ടും തന്നെ തൃപ്തനല്ല എന്നാണ് മുഹമ്മദ് കൈഫ് പറയുന്നത്. “ക്യാപ്റ്റൻസി വളരെ മോശം തന്നെയായിരുന്നു. രോഹിത് ശർമയിൽ നിന്നും ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അയാൾ നല്ല ക്യാപ്റ്റനാണെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ ടീമിലെ മാറ്റങ്ങൾ ഒന്നും അംഗീകരിക്കാൻ സാധിക്കുന്നില്ല. വാഷിംഗ്ടൺ സുന്ദർ മത്സരത്തിൽ അഞ്ചോവറുകൾ എറിഞ്ഞു. രണ്ട് വിക്കറ്റുകളും നേടുകയുണ്ടായി. ഒരു ബൗണ്ടറി പോലും സുന്ദർ വിട്ടുനൽകിയില്ല. എന്നിട്ടും രോഹിത് പിന്നീട് സുന്ദറിന് ബോൾ നൽകിയില്ല.”- കൈഫ് പറയുന്നു.
“ടീമിൽ അനുഭവസമ്പത്തില്ലാത്ത ഫാസ്റ്റ് ബോളർമാരാണ് ഉണ്ടായിരുന്നത്. കുൽദീപ് സെൻ തന്റെ ആദ്യ മത്സരമാണ് കളിച്ചത്. ചാഹറിന് പലപ്പോഴും ടീമിൽ അവസരങ്ങൾ ലഭിക്കാറില്ല. ശർദുൽ താക്കൂറും സ്ഥിരമായി ടീമിൽ കളിക്കാറില്ല. ബുമ്രയും ഷാമിയും ഇവിടെയില്ല. ഭൂവനേശ്വർ കുമാർ ഏകദിനങ്ങളിൽ കളിക്കാറില്ല. ഇതാണ് ഇന്ത്യയുടെ അവസ്ഥ.”- കൈഫ് കൂട്ടിച്ചേർക്കുന്നു.
ബംഗ്ലാദേശിന്റെ ഇന്നിങ്സിൽ 26 ഓവറിന് ശേഷം വാഷിംഗ്ടൺ സുന്ദറിന് രോഹിത് ബോൾ നൽകിയിരുന്നില്ല. അവസാന ഓവറുകളിൽ മെഹ്ദി ഹസ്സൻ കുൽദീപ് സെന്നിനെയും ദീപക് ചാഹറിനെയും അടിച്ചുതൂക്കുകയായിരുന്നു. മത്സരത്തിൽ ഒരു വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് വിജയം കണ്ടത്.