ഇന്ത്യയുടെ നിലവിലെ ഏകദിന ടീമിൽ സ്ഥിരതയോടെ പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ക്രിക്കറ്ററാണ് ശുഭ്മാൻ ഗിൽ. ഇന്ത്യക്കായി ഏകദിനങ്ങളിൽ ഓപ്പണിങ്ങിറങ്ങി കഴിഞ്ഞ സമയങ്ങളിൽ വെടിക്കെട്ട് പ്രകടനങ്ങൾ തന്നെയാണ് ഗിൽ കാഴ്ചവെച്ചിട്ടുള്ളത്. ഇതുവരെ ഇന്ത്യക്കായി 11 ടെസ്റ്റ് മത്സരങ്ങളും 15 ഏകദിനങ്ങളുമാണ് ശുഭ്മാൻ ഗിൽ കളിച്ചിട്ടുള്ളത്. 15 ഏകദിനങ്ങളിൽ നിന്ന് നാല് അർത്ഥസെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഗിൽ നേടിയിട്ടുണ്ട്. അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യക്കായി തിളങ്ങാൻ പോകുന്ന ക്രിക്കറ്ററാണ് ശുഭ്മാൻ ഗിൽ എന്ന് ഇന്ത്യയുടെ മുൻതാരം യുവരാജ് സിംഗ് പറയുന്നു.
“ശുഭ്മാൻ ഗിൽ വളരെയധികം കഠിനപ്രയത്നങ്ങൾ നടത്തുന്ന ക്രിക്കറ്ററാണ്. അയാൾ ചെയ്യുന്നതെല്ലാം നല്ല കാര്യങ്ങളാണ്. ഞാൻ വിശ്വസിക്കുന്നത് അടുത്ത പത്ത് വർഷത്തേക്ക് ശുഭ്മാൻ ഗിൽ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുമെന്ന് തന്നെയാണ്. അയാൾ ഇപ്പോൾ നല്ല പ്രകടനങ്ങളാണ് നടത്തുന്നത്. ഒപ്പം സ്ഥിരതയോടെ കളിക്കുന്നുമുണ്ട്. എന്നെ സംബന്ധിച്ച 2023ലെ 50 ഓവർ ലോകകപ്പിലേക്ക് ഇന്ത്യയുടെ ശക്തനായ കളിക്കാരൻ തന്നെയാണ് ശുഭ്മാൻ ഗിൽ.”- യുവരാജ് പറയുന്നു.
മുൻപ് ശുഭ്മാൻ ഗില്ലിന്റെ ബാറ്റിംഗ് പ്രകടനങ്ങളെ പറ്റി ഇന്ത്യയുടെ മുൻതാരം സുനിൽ ഗവാസ്ക്കറും പറയുകയുണ്ടായി. “ശുഭ്മാൻ ഗിൽ ഒരുപാട് സെഞ്ചുറികൾ നേടേണ്ട ക്രിക്കറ്ററാണ്. ഇപ്പോൾ അയാൾ 50കളിലും 60കളിലും ഒതുങ്ങുന്നു. അയാൾ വളരെ മികവാർന്ന ക്രിക്കറ്ററാണ്. അതിനാൽതന്നെ ഈ 50കളും 60കളും സെഞ്ച്വറികളാക്കി മാറ്റാൻ അയാൾ ശ്രദ്ധിക്കുക തന്നെ ചെയ്യണം.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.
ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിലും മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു ശുഭ്മാൻ ഗിൽ കാഴ്ചവച്ചിരുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 50 റൺസും രണ്ടാം മത്സരത്തിൽ 45 റൺസും ഗിൽ നേടിയിരുന്നു. പരമ്പരയിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഗില്ലിന്റെ പ്രകടനം ശ്രദ്ധേയമായി നിന്നു.