കഴിഞ്ഞ കുറച്ച് സമയങ്ങളായി വളരെയേറെ വിമർശനങ്ങൾ നേരിടുന്ന ക്രിക്കറ്ററാണ് റിഷഭ് പന്ത്. സമീപകാലത്ത് ട്വന്റി20 ക്രിക്കറ്റിൽ അത്ര മികച്ച പ്രകടനങ്ങളായിരുന്നില്ല ഋഷഭ് പന്ത് കാഴ്ച വച്ചിരുന്നത്. ഇതിന്റെ പേരിൽ പന്തിനെ ഇന്ത്യയുടെ ഏകദിന ട്വന്റി20 ടീമുകളിൽ നിന്ന് പുറത്താക്കണമെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ട്വന്റി20യിലെ പ്രകടനങ്ങൾ മാത്രം കണക്കിലെടുത്ത് ഏകദിന ക്രിക്കറ്റിൽ നിന്ന് പന്തിനെ പുറത്താക്കണമെന്ന് പറയുന്നത് തീർത്തും അനീതിപരമാണെന്നാണ് ഇന്ത്യൻ ബാറ്റർ ദിനേശ് കാർത്തിക്ക് പറയുന്നത്.
ട്വന്റി20യിലെയും ഏകദിനത്തിലെയും പന്തിന്റെ റെക്കോർഡുകൾ വ്യത്യസ്തമായി തന്നെ നമ്മൾ എടുക്കേണ്ടതുണ്ട് എന്ന് കാർത്തിക്ക് പറയുന്നു. “നമ്മൾ രണ്ടും വ്യത്യസ്തമായി എടുക്കണം. ഏകദിന ക്രിക്കറ്റിൽ കഴിഞ്ഞ 10 ഇന്നിങ്സുകളിൽ നിന്ന് 45 നു മുകളിലാണ് പന്തിന്റെ ശരാശരി. മാത്രമല്ല ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ഏകദിന പരമ്പരയിൽ 120 റൺസിന്റെ ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സും പന്ത് കാഴ്ചവച്ചിരുന്നു. അതുകൊണ്ട് അയാൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് പറയാൻ സാധിക്കും. അതിനാൽതന്നെ പന്തിനെ ഏകദിനങ്ങളിൽ നിന്ന് പുറത്താക്കണമെന്ന സംസാരം ശരിയല്ല.”- കാർത്തിക്ക് പറയുന്നു.
“അയാൾ നൽകിയ അവസരങ്ങൾ നന്നായി ഉപയോഗിച്ചില്ലെങ്കിൽ അയാളെ പുറത്തിരുത്തുന്നതിൽ തെറ്റില്ല. എന്നാൽ മറ്റൊരു ഫോർമാറ്റിൽ മോശം പ്രകടനം നടത്തി എന്നതിന്റെ പേരിൽ അയാളെ എല്ലായിടത്തുനിന്നും ഒഴിവാക്കുന്നത് ശരിയല്ല. ഒരു കളിക്കാരനെതിരെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് തീർത്തും അനീതിപരം തന്നെയാണ്.”- ദിനേശ് കാർത്തിക്ക് കൂട്ടിച്ചേർക്കുന്നു.
“ഇപ്പോൾ നമ്മൾ ഒരുപാട് ട്വന്റി20 ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം പ്രകടനങ്ങൾ കൂട്ടിയോജിപ്പിച്ച് ‘അവൻ നന്നായിയല്ല’ കളിച്ചത് എന്ന് പറയുന്നത്. പക്ഷേ കാര്യങ്ങൾ ആ രീതിയിലല്ല നോക്കിക്കാണേണ്ടത്.”- ദിനേശ് കാർത്തിക്ക് പറഞ്ഞുവെക്കുന്നു. നാളെയാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനം നടക്കുന്നത്.