ഇന്ത്യൻ ക്രിക്കറ്റിന് പണവും പവറുമുണ്ട്!! പക്ഷെ പ്രകടനം പോകുന്നത് താഴോട്ട് – ഡാനിഷ് കനേറിയ

   

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിലെ പരാജയം ഇന്ത്യയെ വരും മത്സരങ്ങളിലും മോശമായി തന്നെ ബാധിക്കുമെന്നത് ഉറപ്പാണ്. കാരണം വളരെയധികം അപ്രതീക്ഷിതം തന്നെയായിരുന്നു ആ പരാജയം. ഇതാദ്യമായല്ല ഇന്ത്യ 2022ൽ ഇത്തരം അപ്രതീക്ഷിതമായ പരാജയങ്ങൾ ഏറ്റുവാങ്ങുന്നത്. രോഹിത് ശർമയുടെ കീഴിൽ ഏഷ്യകപ്പിലും ലോകകപ്പിലും ഇന്ത്യ ഹൃദയഭേദകമായ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് നിലവിൽ താഴേക്ക് സഞ്ചരിക്കുകയാണ് എന്നാണ് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റർ ഡാനിഷ് കനേറിയ ഇപ്പോൾ പറയുന്നത്.

   

ഇന്ത്യൻ ക്രിക്കറ്റ് താഴേക്ക് പോകുന്നതിന്റെ സൂചനങ്ങൾ സമീപകാലത്ത് തന്നെ ലഭിച്ചിട്ടുണ്ട് എന്നാണ് ഡാനിഷ് കനേറിയ പറയുന്നത്. “ഇന്ത്യൻ ക്രിക്കറ്റിന് പണവും പവറുമുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ അവരുടെ ക്രിക്കറ്റ് താഴെത്തട്ടിലേക്കാണ് പോകുന്നത്. ഇത് നമുക്ക് കൃത്യമായി കാണാൻ സാധിക്കും. ഓസ്ട്രേലിയയിൽ ഇന്ത്യയെ ലിറ്റൻ ദാസ് അടിച്ചുതൂക്കുകയുണ്ടായി. അന്ന് മഴ മൂലമുണ്ടായ ഇടവേളയാണ് ഇന്ത്യയെ രക്ഷിച്ചത്. എന്നാൽ ധാക്കയിൽ അവർ അതിനുള്ള പ്രതികാരവും ചെയ്തു കഴിഞ്ഞു.”- കനേറിയ പറയുന്നു.

   

ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ മോശം ബാറ്റിംഗ് പ്രകടനത്തെയും കനേറിയ അങ്ങേയറ്റം വിമർശിക്കുകയുണ്ടായി. “ഇന്ത്യയുടെ ബാറ്റിംഗ് വളരെയധികം മോശം തന്നെയായിരുന്നു. 50 ഓവർ പൂർണമായി കളിക്കാൻ പോലും അവർക്ക് സാധിച്ചില്ല. ഒരു വശത്ത് നമ്മൾ പറയുന്നത് ഇന്ത്യൻ ക്രിക്കറ്റ് കുതിക്കുകയാണെന്നും മറ്റൊരു ലെവലിൽ എത്തിയെന്നുമാണ്. പക്ഷേ ഇവിടെ 10 ഓവറുകൾ ശേഷിക്കെ ഇന്ത്യ ബംഗ്ലാദേശിനെതിരെ ഓൾഔട്ടായി. ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് തകർന്നു തരിപ്പണമായി.”- കനേറിയ കൂട്ടിച്ചേർക്കുന്നു.

   

മത്സരത്തിൽ കെഎൽ രാഹുൽ മാത്രമായിരുന്നു ഇന്ത്യക്കായി ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. രാഹുൽ മത്സരത്തിൽ 70 പന്തുകളിൽ നിന്ന് 73 റൺസ് നേടി. മറ്റ് ഇന്ത്യൻ ബാറ്റർമാർക്ക് ഒന്നുംതന്നെ മത്സരത്തിൽ സാന്നിധ്യമറിയിക്കാൻ സാധിച്ചില്ല എന്നതാണ് വസ്തുത.

Leave a Reply

Your email address will not be published. Required fields are marked *