കെ എൽ രാഹുലും സുന്ദറും നഷ്ടപ്പെടുത്തിയ ക്യാച്ചുകൾ ഇന്ത്യയ്ക്ക് വിനയായി!! പരാജയകാരണം പറഞ്ഞു കൈഫ്‌!!

   

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിലെ പരാജയം വളരെയേറെ വിമർശനങ്ങൾക്ക് വഴി വച്ചിട്ടുണ്ട്. വലിയൊരു കാലയളവിനിടയ്ക്ക് ഇത് ആദ്യമായാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ പരാജയപ്പെടുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ ബാറ്റർമാർ പൂർണമായി പരാജയപ്പെട്ടു. ശേഷം അവസാന ഓവർ ബോളിങ്ങിലും ഇന്ത്യയുടെ ബോളർമാർ തീതുപ്പാതെ പോയി. ആദ്യ മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിന് പ്രധാന കാരണമായത് ഇന്ത്യയുടെ ഡെത്ത് ബോളിലെ പ്രശ്നങ്ങളാണ് എന്നാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറയുന്നത്.

   

അവസാന ഓവറുകളിലെ ഇന്ത്യൻ ബോളർമാരുടെ പ്രകടനങ്ങൾ പരിശോധിക്കേണ്ടതുണ്ട് എന്നാണ് കൈഫ് പറയുന്നത്. “ഇത് ഇന്ത്യയുടെ മത്സരം തന്നെയായിരുന്നു. അവർ 9 വിക്കറ്റുകൾ വീഴ്ത്തി. ബോളിംഗ് മികച്ചതായിരുന്നു. ബാറ്റിംഗിൽ പരാജയപ്പെട്ടിട്ടും ബോളർമാർ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 40 ഓവർ വരെ ഇന്ത്യ അത്യുഗ്രനായി ബോൾ ചെയ്തു. എന്നാൽ അവസാന 10 ഓവറുകളിൽ കഥ മാറി. സത്യത്തിൽ ആരാണ് ഇന്ത്യയുടെ ഡെത്ത് ബോളർ? ദീപക് ചാഹറോ അതോ കുൽദീപ് യാദവോ? “- കൈഫ്‌ ചോദിക്കുന്നു.

   

ഇതോടൊപ്പം ഇന്ത്യയുടെ മോശം ഫീൽഡിങ്ങിനെയും കൈഫ് വിമർശിക്കുകയുണ്ടായി. “നമ്മൾ ഒരുപാട് ക്യാച്ചുകൾ നഷ്ടപ്പെടുത്തി. കെഎൽ രാഹുൽ സാധാരണയായി മോശംഫീൽഡിങ് നടത്താറില്ല. അയാൾ ഒരു നല്ല ഫീൽഡറാണ്. ട്വന്റി20 ലോകകപ്പിൽ അയാൾ ലിറ്റൻ ദാസിനെ റൺഔട്ടാക്കിയതാണ്. ഒപ്പം സുന്ദറും അനായാസമായിരുന്ന ഒരു ക്യാച്ച് നഷ്ടപ്പെടുത്തി.”- കൈഫ് കൂട്ടിച്ചേർക്കുന്നു.

   

ബംഗ്ലാദേശിന് വിജയിക്കാൻ 32 റൺസ് വേണ്ട സമയത്തായിരുന്നു കെ എൽ രാഹുൽ മെഹദി ഹസന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത്. ശേഷം വാഷിംഗ്ടൺ സുന്ദറും ക്യാച്ച് നഷ്ടപ്പെടുത്തി. ഈ മോശം പ്രകടനങ്ങൾ നടന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യ മത്സരത്തിൽ വിജയം കണ്ടേനെ.

Leave a Reply

Your email address will not be published. Required fields are marked *