ബാറ്റർമാർ നന്നായി കളിക്കാതിരുന്നത് പരാജയകാരണമായി !! രോഹിത് ശർമ പറയുന്നു!!

   

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഞെട്ടിപ്പിക്കുന്ന പരാജയം തന്നെയാണ് ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിന്റെ ആദ്യം ബാറ്റിംഗിൽ പരാജയപ്പെട്ട ഇന്ത്യ പിന്നീട് ബോളർമാരുടെ മികവിൽ മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തി. എന്നാൽ അവസാന വിക്കറ്റിൽ ബംഗ്ലാദേശിനായി മെഹ്ദി ഹസൻ അടിച്ചുതകർത്തതോടെ ഇന്ത്യൻ ബോളർമാർ കളിമറന്നു. മത്സരത്തിൽ നന്നായി ബാറ്റ് ചെയ്യാൻ സാധിക്കാത്ത പോയതാണ് പരാജയത്തിന് കാരണമായത് എന്നാണ് ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞത്.

   

“ഇതൊരു അത്യന്തം ആവേശകരമായ മത്സരമായിരുന്നു. ഞങ്ങൾ വലിയ രീതിയിൽ ഒരു തിരിച്ചുവരവ് തന്നെ മത്സരത്തിൽ നടത്തി. പക്ഷേ ഞങ്ങൾ നന്നായി ബാറ്റ് ചെയ്തിരുന്നില്ല. 184 എന്നത് മികച്ച സ്കോറായിരുന്നില്ല. ഞങ്ങൾ നന്നായി ബോൾ ചെയ്തു. എന്നാൽ അവസാനം ബംഗ്ലാദേശ് മികച്ച രീതിയിൽ മത്സരം പിടിച്ചെടുക്കുകയും ചെയ്തു. ഞങ്ങൾ ആദ്യ ബോൾ മുതൽ കളിച്ച രീതിയിൽ വച്ച് മത്സരത്തിന്റെ അവസാനവും നന്നായി എറിയാമായിരുന്നു എന്ന് തോന്നി. എന്നാൽ ഞങ്ങൾക്ക് ആവശ്യമായ റൺസ് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.”- രോഹിത് പറയുന്നു.

   

ഇതോടൊപ്പം ഒരു 30-40 റൺസ് ഇന്ത്യ കൂടുതൽ നേടിയിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ എന്നും രോഹിത് പറഞ്ഞു. “റൺസ് മതിയായിരുന്നില്ല. കൂടുതലായി ഒരു 30-40 റൺസ് കൂടെ ഉണ്ടായിരുന്നെങ്കിൽ കഥ മാറിയേനെ. രാഹുലും സുന്ദറും ക്രീസിൽ ഉണ്ടായിരുന്നപ്പോൾ ആ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ മധ്യ ഓവറുകളിൽ ഞങ്ങൾക്ക് വിക്കറ്റ് നഷ്ടമായി. അവിടെ നിന്നൊരു തിരിച്ചുവരവ് അത്ര അനായാസമല്ല.”- രോഹിത് കൂട്ടിച്ചേർക്കുന്നു.

   

ഡിസംബർ 7 ബുധനാഴ്ചയാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനം നടക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര ആയതിനാൽ തന്നെ ആ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിച്ചേ മതിയാവൂ. ഡിസംബർ 10നാണ് പരമ്പരയിലെ അവസാന മത്സരം.

Leave a Reply

Your email address will not be published. Required fields are marked *