നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരാണ് രോഹിത് ശർമയും വിരാട് കോഹ്ലിയും. 2022 ട്വന്റി20 ലോകകപ്പിന് ശേഷം വിശ്രമമെടുത്ത ഇരുവരും ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ ഭേദപ്പെട്ട പ്രകടനം തന്നെയാണ് വിരാട് കോഹ്ലി കാഴ്ചവച്ചിട്ടുള്ളത്. എന്നാൽ രോഹിത്തിന്റെ ബാറ്റിംഗ് ഫോം ഇന്ത്യയ്ക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്. ഇതിനെപ്പറ്റിയാണ് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവിശാസ്ത്രി ഇപ്പോൾ സംസാരിക്കുന്നത്.
കഴിഞ്ഞ സമയങ്ങളിൽ രോഹിത്തിനും വിരാട്ടിനും സംഭവിച്ച മോശം ഫോം എല്ലാ ക്രിക്കറ്റർമാർക്കും സംഭവിക്കുന്ന ഒരു സാധാരണ കാര്യമാണെന്നാണ് രവിശാസ്ത്രി പറയുന്നത്. “ഇത് എല്ലാവർക്കും സംഭവിക്കുന്ന കാര്യമാണ്. ഇത് ഗവാസ്ക്കർക്കും കപിൽദേവിനും സച്ചിൻ ടെൻഡുൽക്കർക്കും ധോണിക്കും പോലും സംഭവിച്ചിട്ടുണ്ട്. എല്ലാവർക്കും അവരുടെതായ സമയമുണ്ട്. എല്ലാവരും മുൻപിൽ വച്ചിരിക്കുന്ന പ്രതീക്ഷകൾ ഒരുപാടാണ്. അത് ഒരുപാട് വൈകാരികപരവുമാണ്. നമ്മൾ ഇന്ത്യക്കാർ ഒരുപാട് പ്രതീക്ഷിക്കും. നമുക്ക് സ്ഥിരത ആവശ്യമാണ്.”- രവി ശാസ്ത്രി പറഞ്ഞു.
“ഇതോടൊപ്പം നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ഈ കളിക്കാരൊക്കെയും മനുഷ്യരാണ്. എല്ലായിപ്പോഴും അവർക്ക് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചു എന്ന് വരില്ല. ചിലപ്പോൾ കളിക്കാരുടെ ഫോം നഷ്ടമാവും. എല്ലാത്തിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. ഇത് വളരെ സ്വാഭാവികം തന്നെയാണ്.” – രവി ശാസ്ത്രി കൂട്ടിച്ചേർക്കുന്നു.
നിലവിൽ ഇന്ത്യൻ ടീമിന്റെ നട്ടെല്ല് തന്നെയാണ് വിരാട് കോഹ്ലിയും രോഹിത് ശർമയും. 2023 ലെ 50 ഓവർ ലോകകപ്പിലേക്ക് പോകുമ്പോൾ ഇരുവരും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളായി മാറും എന്നതിൽ യാതൊരു സംശയവുമില്ല.