ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് പുറത്ത്. ബിസിസിഐയാണ് പന്ത് പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്ന വിവരം പുറത്തുവിട്ടത്. ഏകദിന മത്സരങ്ങളിൽ നിന്ന് ഒഴിവായെങ്കിലും ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ പന്ത് ടീമിൽ തിരികെയെത്തും. എന്നാൽ ഏകദിന പരമ്പരയിലെക്കായി പന്തിന് പകരക്കാരനെയും ബിസിസിഐ നിശ്ചയിച്ചിട്ടില്ല.
“ബിസിസിഐ മെഡിക്കൽ ടീമിന്റെ പരിശോധനയ്ക്ക് ശേഷം റിഷഭ് പന്തിനെ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് പന്ത് ടീമിനൊപ്പം ചേരും. എന്നാൽ പന്തിന് പകരക്കാരനായി ഏകദിന പരമ്പരയിലേക്ക് ആരെയും നിശ്ചയിച്ചിട്ടില്ല.”- ബിസിസിഐ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ വെളിപ്പെടുത്തി. എന്നിരുന്നാലും ഇന്ത്യ പന്തിന് പകരക്കാരനെ പരമ്പരയിലേക്ക് നിശ്ചയിക്കാത്തത് പലരിലും ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സഞ്ജു സാംസണെ ഇന്ത്യ തിരികെ വിളിക്കുമെന്നാണ് പലരും പ്രതീക്ഷിച്ചത്.
മുൻ ഇന്ത്യൻ ക്രിക്കറ്റർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ മുൻപ് സഞ്ജുവിനെ ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ ഉൾപ്പെടുത്തുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു. “ബംഗ്ലാദേശിനെതിരെ എന്തുകൊണ്ടാണ് സഞ്ജുവിനെ കളിപ്പിക്കാത്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. പന്ത് മോശം കളിക്കാരനല്ല. എന്നാൽ സഞ്ജു അവസരങ്ങൾ അർഹിക്കുന്നുണ്ട്. നമുക്ക് എട്ടു നായകന്മാരെ മാറ്റം വരുത്താമെങ്കിൽ എന്തുകൊണ്ട് ഒരു വിക്കറ്റ് കീപ്പറെ മാറ്റിക്കൂട?”- ശിവരാമകൃഷ്ണൻ ചോദിക്കുന്നു.
ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിന മത്സരം ആരംഭിച്ചിട്ടുണ്ട്. ഈ മാസം ഏഴിനാണ് പരമ്പരയിലെ രണ്ടാം ഏകദിനം നടക്കുന്നത്. അവസാന ഏകദിനം ഡിസംബർ 10നാണ് നടക്കുക. ശേഷം രണ്ട് ടെസ്റ്റുകളും ഇന്ത്യ ബംഗ്ലാദേശിൽ കളിക്കും.