ചാഹലിനെക്കൊണ്ട് 2023 ലോകകപ്പിൽ പ്രയോജനമുണ്ടാകില്ല!! ഇന്ത്യ കളിപ്പിക്കേണ്ടത് ഇവനെ!!- മുൻ ഇന്ത്യൻ താരം

   

2023ലെ 50 ഓവർ ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതിനാൽ തന്നെ ഒരുപാട് ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്. ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ സാധാരണയായി സ്പിൻ ബോളർമാരെ അങ്ങേയറ്റം സഹായിക്കുന്ന വിക്കറ്റുകളാണ് ഉണ്ടാവാറുള്ളത്. അതിനാൽതന്നെ 2023ലും ലോകകപ്പിൽ സ്പിന്നർമാർക്ക് വലിയ പ്രാധാന്യമുണ്ടാവും. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് അടുത്ത വർഷം നടക്കുന്ന ലോകകപ്പിനായി ലെഗ്ഗ് സ്പിന്നർ യുസ്വെന്ദ്ര ചഹലിനെ ആശ്രയിക്കേണ്ടതില്ല എന്നാണ് ഇന്ത്യൻ താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ പറയുന്നത്. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങളുടെ കൂടെ അടിസ്ഥാനത്തിലാണ് ശിവരാമകൃഷ്ണൻ സംസാരിച്ചത്.

   

“ലോകകപ്പിൽ സ്പിന്നർമാരെ പിന്തുണയ്ക്കുന്ന വിക്കറ്റുകളല്ല ലഭിക്കുന്നതെങ്കിൽ ചാഹലിനെ ഇന്ത്യ ടീമിലെടുത്തിട്ട് കാര്യമില്ല. ചാഹൽ വലിയൊരു ടേണിങ് ബോളറല്ല. നമുക്കാവശ്യം ബോൾ നല്ല മാർജിനിൽ ടേൺ ചെയ്യാൻ സാധിക്കുന്ന സ്പിന്നർമാരെയാണ്. അവർക്കേ മധ്യ ഓവറുകളിൽ വിക്കറ്റുകൾ കൃത്യമായി കണ്ടെത്താൻ സാധിക്കൂ. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഞാനാണെങ്കിൽ കുൽദീപിനെയാവും ടീമിൽ ഉൾപ്പെടുത്തുക.”- ശിവരാമകൃഷ്ണൻ പറഞ്ഞു.

   

ഇതോടൊപ്പം ലോകകപ്പിലും മറ്റും വാഷിംഗ്ടൺ സുന്ദർ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാവുമേന്നും ലക്ഷ്മൺ ശിവരാമകൃഷ്ണൻ പറയുന്നു. “ഏകദിനങ്ങളിലും ട്വന്റി20കളിലും ഹർദിക് പാണ്ഡ്യയെ പോലെ ഒരു ഓൾറൗണ്ടർ തന്നെയാണ് വാഷിംഗ്ടൺ സുന്ദർ. ആറാം നമ്പരിൽ ബാറ്റ് ചെയ്യാൻ അവൻ പ്രാപ്തനാണ്. മാത്രമല്ല നമുക്ക് അവനെ ആറാം നമ്പർ ബോളറായി ടീമിൽ കളിപ്പിക്കാൻ സാധിക്കും. ജഡേജയെ പോലെ ഒരാളുമായി നമുക്ക് സുന്ദറിനെ താരതമ്യം ചെയ്യാൻ സാധിക്കും.”- ലക്ഷ്മൺ ശിവരാമകൃഷ്ണൻ കൂട്ടിച്ചേർക്കുന്നു.

   

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു വാഷിംഗ്ടൺ സുന്ദർ കാഴ്ചവച്ചത്. അതിനാൽതന്നെ ലോകകപ്പ് വരെ സുന്ദർ ഇന്ത്യയുടെ ഏകദിന ടീമിൽ തുടരാൻ സാധ്യതകൾ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *