കഴിഞ്ഞ സമയങ്ങളിൽ ട്വന്റി20യിൽ ഇന്ത്യൻ ക്രിക്കറ്റ് വലിയ രീതിയിൽ ആഘോഷിച്ച ക്രിക്കറ്റർ തന്നെയാണ് സൂര്യകുമാർ യാദവ്. ട്വന്റി20 ലോകകപ്പിലടക്കം മികച്ച പ്രകടനങ്ങൾ തന്നെ തുടർന്ന സൂര്യ ഇന്ത്യയ്ക്കായി 2022ൽ ഏറ്റവുമധികം റൺസ് നേടുകയും ചെയ്തിരുന്നു. എന്നാൽ ന്യൂസിലാൻഡിനെതിരായ ഏകദിനത്തിൽ ഈ വിജയം ആവർത്തിക്കാൻ സൂര്യകുമാറിന് സാധിക്കാതെ വരികയുണ്ടായി. പരമ്പരയിലെ ആദ്യ മത്സരത്തിൽ 4 റൺസിനും മൂന്നാം മത്സരത്തിൽ 6 റൺസിനുമാണ് സൂര്യകുമാർ കൂടാരം കയറിയത്.
ഈ രണ്ട് ഇന്നിംഗ്സുകളിലും സൂര്യകുമാർ പുറത്തായ രീതി സാമ്യമായിരുന്നു. ഇരു ഇന്നിങ്സുകളിലും സ്ലപ്പിൽ ക്യാച്ച് നൽകിയ സൂര്യ കൂടാരം കയറിയത്. ഇതിനെപ്പറ്റിയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ ഇപ്പോൾ സംസാരിക്കുന്നത്. ട്വന്റി20യിൽ പലപ്പോഴും സ്ലിപ്പുകൾ ഇല്ലാത്തത് സൂര്യകുമാറിന് രക്ഷയാണെന്നും എന്നാൽ ഏകദിനങ്ങളിലും ടെസ്റ്റ് മത്സരങ്ങളിലും ഇക്കാര്യത്തിൽ സൂര്യകുമാർ അല്പം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണെന്നുമാണ് വസീം ജാഫർ പറയുന്നത്.
“ന്യൂസിലാൻഡിനെതിരായ രണ്ട് ഏകദിനങ്ങളിലും ഒരേ രീതിയിൽ തന്നെയാണ് സൂര്യകുമാർ യാദവ് പുറത്തായത്. രണ്ടു മത്സരങ്ങളിലും അയാൾ സ്ലിപ്പിൽ ക്യാച്ച് നൽകുകയായിരുന്നു. ട്വന്റി20യിൽ പലപ്പോഴും സ്ലിപ്പ് ഉണ്ടാവാറില്ല. അതിനാൽ സൂര്യയ്ക്ക് രക്ഷയാണ്. പക്ഷേ അയാളുടെ കരിയർ വലുതാവുകയാണ്. ആളുകൾ ഇപ്പോൾ സംസാരിക്കുന്നത് സൂര്യ എങ്ങനെ ടെസ്റ്റ് മത്സരങ്ങളിൽ കളിക്കും എന്നതിനെപ്പറ്റിയാണ്. അതിനാൽതന്നെ ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാക്കിയേ പറ്റൂ.”- ജാഫർ പറയുന്നു.
നിലവിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് സൂര്യകുമാർ യാദവിന് ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഇതിനുശേഷം ടെസ്റ്റ് മത്സരങ്ങളിൽ സൂര്യകുമാർ യാദവ് അരങ്ങേറും എന്നാണ് പ്രതീക്ഷിക്കുന്നത്.