നിലവിൽ ഇന്ത്യയുടെ ആഭ്യന്തര 50 ഓവർ ക്രിക്കറ്റ് ടൂർണമെന്റ് ആയ വിജയ് ഹസാരെ ട്രോഫിയിൽ ആറാടുകയാണ് മഹാരാഷ്ട്ര ബാറ്റർ ഋതുരാജ് ഗൈക്കുവാഡ്. ടൂർണമെന്റിന്റെ കാർട്ടർ മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടിയ ഋതുരാജ് സെമിഫൈനലിൽ 168 റൺസും നേടുകയുണ്ടായി. ഈ അവസരത്തിൽ ഋതുരാജ് എന്ന പ്രതിഭയെപറ്റി സംസാരിക്കുകയാണ് ഐപിഎല്ലിലെ ചെന്നൈ ടീമിന്റെ ബാറ്റിംഗ് കോച്ചായ മൈക്കിൾ ഹസി. ഋതുരാജിന്റെ നിരീക്ഷണ പാഠവങ്ങളെ പറ്റിയാണ് ഹസി സംസാരിച്ചത്.
ഋതുരാജ് വളരെ നന്നായി തന്നെ മത്സരത്തെ നിരീക്ഷിക്കുന്ന ക്രിക്കറ്ററാണ് എന്ന് മൈക്കിൾ ഹസി പറയുന്നു. “വർഷങ്ങളായി ഞാൻ ഋതുരാജുമായി നല്ലൊരു ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ക്രിക്കറ്റല്ലാത്ത കാര്യങ്ങളും ഞാൻ ചർച്ച ചെയ്യാറുണ്ട്. കോച്ചെന്ന നിലയിൽ ഋതുരാജിന്റെ നിരീക്ഷണത്തിൽ ഞാൻ സന്തുഷ്ടനാണ്. അവൻ ടീമിലെ ഒരുപാട് കളിക്കാരെ നിരീക്ഷിക്കാറുണ്ട്. മാത്രമല്ല എതിർടീമിലെ കളിക്കാരെയും. അതൊരു വലിയ കാര്യമാണ്. മാത്രമല്ല ധോണിയെ അവൻ അടുത്തുനിന്ന് മനസ്സിലാക്കുന്നു. മറ്റൊരു കാര്യം മറ്റു കളിക്കാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള പലകാര്യവും ഋതുരാജ് മനസ്സിലാക്കുന്നു എന്നതാണ്. മറ്റുള്ളവരിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ ഋതുരാജ് മിടുക്കനാണ്.”- ഹസി പറയുന്നു.
ഇതോടൊപ്പം ചെന്നൈ ടീമിൽ ധോണിയെപോലെ ഒരു ക്രിക്കറ്ററാണ് ഋതുരാജ് എന്നും ഹസി പറയുകയുണ്ടായി. “ചെന്നൈയുടെ ഭാവിയിലെ തന്ത്രത്തെ പറ്റി എനിക്കറിയില്ല. പക്ഷേ ധോണിയെ പോലെ ഒരു ശാന്തനായ ക്രിക്കറ്ററാണ് ഋതുരാജ്. സമ്മർദ്ദങ്ങൾ നിയന്ത്രിക്കേണ്ട സാഹചര്യങ്ങളിൽ ഋതുരാജ് ശാന്തനായി മാറാറുണ്ട്. ധോണിയെ പോലെ മത്സരത്തെ പെട്ടെന്ന് മനസ്സിലാക്കാനും ഋതുരാജിന് സാധിക്കുന്നു.”- ഹസി കൂട്ടിച്ചേർത്തു.
വരുംവർഷങ്ങളിൽ ധോണിക്ക് പകരക്കാരനാവാൻ സാധിക്കുന്ന ബാറ്റർ തന്നെയാണ് ഋതുരാജ് എന്ന് ഹസി ഉറച്ചു വിശ്വസിക്കുന്നു. ഈ പ്രായത്തിൽ തന്നെ ഋതുരാജിന്റെ ഉള്ളിൽ നായകത്വമികവുകൾ ഉണ്ടെന്നും ഹസി പറയുകയുണ്ടായി. എന്തായാലും ചെന്നൈയെ സംബന്ധിച്ചിടത്തോളം നിലവിലെ പ്രകടനങ്ങൾ ആവേശം വിതറുന്നതാണ്.