ഇന്ത്യയുടെ ഏകദിന ട്വന്റി20 സ്ക്വാഡുകളിൽ വിക്കറ്റ് കീപ്പർ ബാറ്റർ റിഷാഭ് പന്തിന്റെ സ്ഥാനം സംബന്ധിച്ച് ഒരുപാട് വിമർശനങ്ങൾ ഉയരുകയാണ്. സമീപകാലത്ത് ഇരു ഫോർമാറ്റുകളിലും വളരെ മോശം ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയാണ് പന്ത് കാഴ്ചവെച്ചിട്ടുള്ളത്. എന്നിട്ടും ഇന്ത്യ പന്തിന് പല അവസരങ്ങൾ നൽകി. ഋഷഭ് പന്ത് ഏകദിനത്തിനു ട്വന്റി20യ്ക്കും പറ്റിയ ക്രിക്കറ്ററല്ല എന്ന് ഇന്ത്യ ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട് എന്നാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയ ഇപ്പോൾ പറയുന്നത്.
“ഋഷഭ് പന്ത് ഏകദിനത്തിനും ട്വന്റി20യ്ക്കും പറ്റിയ ക്രിക്കറ്ററല്ല എന്ന് ഇന്ത്യ ഇനിയെങ്കിലും തിരിച്ചറിയണം. ഇന്ത്യ അവനെ ഇതുവരെ എല്ലാ ബാറ്റിംഗ് പൊസിഷനുകളിലും പരീക്ഷിച്ചു കഴിഞ്ഞു. പക്ഷേ അയാൾക്ക് റൺസ് നേടാൻ സാധിച്ചില്ല. എന്നാൽ സഞ്ജു സാംസന്റെ കാര്യമെന്ന് ആലോചിച്ചു നോക്കൂ. അയാൾ ആദ്യ ഏകദിനത്തിൽ 36 റൺസ് നേടി. അതിൽ എന്താണ് തെറ്റ്.”- കനേറിയ പറയുന്നു.
“ആരാധകർ മുതൽ മുൻ ക്രിക്കറ്റർമാർ വരെ ഇക്കാര്യത്തിൽ തങ്ങളുടെ നിരാശ അറിയിച്ചു കഴിഞ്ഞു. ഇത് സഞ്ജു സാംസനെ വളരെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. അയാളെ ഒരു ശരാശരി ക്രിക്കറ്ററായാണ് ഇന്ത്യ ഇപ്പോഴും കാണാൻ ശ്രമിക്കുന്നത്. ഒപ്പം ഇന്ത്യ ദീപക് ഹൂഡയ്ക്ക് അവസരങ്ങൾ നൽകുന്നു. മൈതാനത്ത് എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാക്കാൻ ഹൂഡയ്ക്ക് സാധിച്ചില്ല. അയാൾ നന്നായി കളിച്ച സമയത്ത് ടീം മാനേജ്മെന്റ് അയാളെ പുറത്താക്കി. അങ്ങനെ അയാളുടെ ആത്മവിശ്വാസം ഇല്ലാതായി. ഇപ്പോൾ ഇത്ര ദുർഘടമായ സാഹചര്യത്തിൽ കളിക്കാൻ ആവശ്യപ്പെടുന്നു.”- കനേറിയ കൂട്ടിച്ചേർക്കുന്നു.
ഏകദിനപരമ്പര 1-0ന് ആയിരുന്നു ന്യൂസിലാൻഡ് സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ മത്സരം ന്യൂസിലാൻഡ് ഏഴ് വിക്കറ്റുകൾക്ക് വിജയിച്ചിരുന്നു. ശേഷം അടുത്ത രണ്ട് മത്സരവും മഴമൂലം ഉപേക്ഷിക്കുകയാണ് ഉണ്ടായത്.