ഇന്ത്യ തങ്ങളുടെ ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നം ആവശ്യമായ ഓൾറൗണ്ടർമാർ ഇല്ലാതിരുന്നതായിരുന്നു. ഒരു ആറാം ബോളറെയും ഏഴാം ബോളറെയും കണ്ടെത്തുന്നതിനായി മുൻനിരയിൽ നിന്ന് ബാറ്റർമാരെ ഒഴിവാക്കുക പോലും ചെയ്യേണ്ടിവന്നു ഇന്ത്യയ്ക്ക്. 2023ലെ 50 ഓവർ ലോകകപ്പിലേക്ക് കടക്കുമ്പോൾ ഇന്ത്യയെ ഈ പ്രശ്നം വളരെയേറെ അലട്ടാൻ സാധ്യതയുണ്ട് എന്നാണ് ഇന്ത്യൻ താരം വസീം ജാഫർ പറയുന്നത്.
നിലവിലെ ഇന്ത്യൻ ടീമിൽ ബാറ്റർമാർ ബോൾ ചെയ്യാത്തത് വലിയൊരു പ്രശ്നം തന്നെയാണെന്ന് ജാഫർ പറയുന്നു. “ഇന്ത്യയ്ക്ക് പ്രശ്നമായിട്ടുള്ളത് ഈ മേഖലയാണ്. 2010 ഓ അതിന് മുമ്പോ ഉള്ള ഇന്ത്യൻ ടീം പരിശോധിച്ചാൽ നമുക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. നമ്മുടെ ഒരുപാട് ബാറ്റർമാർ ബോൾ ചെയ്തിരുന്നു. സച്ചിൻ, സേവാഗ്, യുവരാജ്, ഗാംഗുലി എന്നിവർ ബോൾ ചെയ്തിരുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്തു. എന്നാൽ ഈ ഇന്ത്യൻ ടീമിൽ അങ്ങനെ ബാറ്റർമാർ ബോൾ ചെയ്യുന്നതേയില്ല.”- ജാഫർ പറയുന്നു.
ഇതോടൊപ്പം പരമ്പരയിൽ വാഷിംഗ്ടൺ സുന്ദർ കാഴ്ചവെച്ച ബാറ്റിംഗ് പ്രകടനത്തെ ജാഫർ പ്രശംസിക്കുകയുമുണ്ടായി. “സുന്ദറായിരുന്നു ഈ പര്യടനത്തിലെ ഏറ്റവും വലിയ പോസിറ്റീവ് എന്ന് നിസംശയം പറയാനാവും. ഒരു പരീക്കിൽ നിന്ന് മടങ്ങി വന്നിട്ടും അയാൾ നന്നായി കളിച്ചു. രണ്ട് ഏകദിനങ്ങളിലും സുന്ദർ നന്നായി ബാറ്റ് ചെയ്തു. പവർപ്ലെയിൽ ബോൾ ചെയ്യാനും അയാൾക്ക് സാധിക്കും. വരും ദിവസങ്ങളിൽ അയാൾ കൂടുതൽ മികച്ച ക്രിക്കറ്ററായി മാറും.”- ജാഫർ കൂട്ടിച്ചേർത്തു.
ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദനത്തിൽ 37 റൺസും രണ്ടാം ഏകദിനത്തിൽ 51 റൺസുമായിരുന്നു വാഷിംഗ്ടൺ സുന്ദർ നേടിയത്. ഡിസംബർ നാലിനാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. ആ പരമ്പരയിൽ സുന്ദർ മികച്ച പ്രകടനങ്ങൾ നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.