സെഞ്ച്വറി നേടിയ പന്തിനെ പിന്തുണച്ചേ മതിയാവൂ!! സഞ്ജു കാത്തിരിക്കണം – ധവാൻ

   

ന്യൂസിലാൻഡിനെതിരായ രണ്ടും മൂന്നും ഏകദിനങ്ങളിൽ നിന്ന് സഞ്ജു സാംസണെ മാറ്റിനിർത്തിയ ഇന്ത്യയുടെ തീരുമാനം പലതരത്തിലും അത്ഭുതമുണ്ടാക്കുന്ന ഒന്നായിരുന്നു. ആദ്യ ഏകദിനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജുവിനെ പിന്നീടുള്ള ഏകദിനങ്ങളിൽ കളിപ്പിക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ മോശം പ്രകടനങ്ങൾ തുടർന്ന് പന്തിന് ഇന്ത്യ വീണ്ടും അവസരങ്ങൾ നൽകുകയും, സഞ്ജുവിനെ പുറത്തിരുത്തുകയും ചെയ്തു. സഞ്ജുവിന് പകരം പന്തിനെ ടീമിലേക്കെടുക്കാനുള്ള തീരുമാനം വളരെ പ്രയാസമുള്ളതായിരുന്നില്ല എന്നാണ് ഇന്ത്യൻ നായകൻ ശിഖർ ധവാൻ പറയുന്നത്.

   

“അതത്ര പ്രയാസകരമായിരുന്നില്ല. പന്തിന്റെ കാര്യത്തിൽ അവൻ ഇംഗ്ലണ്ടിൽ ഏകദിനങ്ങൾ കളിക്കുകയും, സെഞ്ചുറി നേടുകയും ചെയ്തിരുന്നു. അങ്ങനെ സെഞ്ചുറി നേടുന്ന ഒരു കളിക്കാരനെ പിന്തുണച്ചേ മതിയാവൂ. വലിയ ചിത്രങ്ങൾ തന്നെ ഇതിനെപ്പറ്റി മനസ്സിലുണ്ട്. ടീമിൽ ഒരു മാച്ച് വിന്നർ ഉണ്ടെങ്കിൽ അവനെ നമ്മൾ പിന്തുണയ്ക്കണം. ഈ തീരുമാനങ്ങളെടുക്കുന്നത് ഒരുപാട് വിശകലനങ്ങൾക്ക് ശേഷമാണ്.”- ശിഖർ ധവാൻ പറയുന്നു.

   

ഇതോടൊപ്പം സഞ്ജുവിന്റെ പ്രകടനങ്ങളെപറ്റിയും ധവാൻ പറയുകയുണ്ടായി. “തീർച്ചയായും സഞ്ജു വളരെ നന്നായി തന്നെയാണ് കളിക്കുന്നത്. അവസരം ലഭിക്കുമ്പോഴൊക്കെ സഞ്ജു മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. എന്നിരുന്നാലും അയാൾക്ക് മുൻപിലുള്ള ഒരു കളിക്കാരൻ നന്നായി കളിക്കുമ്പോൾ അയാൾ കാത്തിരുന്നേ മതിയാവൂ. പന്തിന്റെ കഴിവുകൾ കണക്കിലെടുക്കുമ്പോൾ അയാൾ ഒരു മാച്ച് വിന്നറാണെന്ന് നമുക്ക് മനസ്സിലാവും.”- ധവാൻ കൂട്ടിച്ചേർക്കുന്നു.

   

ന്യൂസിലാൻഡ് പര്യടനത്തിലെ 4 ഇന്നിങ്സുകളിലും മോശം ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു പന്ത് കാഴ്ചവച്ചത്. 2 ട്വന്റി20കളിൽ നിന്നായി 17 റൺസും രണ്ട് ഏകദിനങ്ങളിൽ നിന്നായി 25 റൺസുമാണ് പന്ത് പരമ്പരയിൽ നേടിയത്. ബംഗ്ലാദേശിനെതിരായ അടുത്ത പരമ്പരയിലും പന്ത് ഇന്ത്യയുടെ നിരയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *