നിലവിൽ ലോകക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളാണ് ജസ്പ്രിറ്റ് ബുമ്ര. തന്റെ വ്യത്യസ്തമായ ബോളിംഗ് ആക്ഷനും റണ്ണപ്പുമാണ് ബുമ്രയെ മറ്റുള്ളവരിൽ നിന്ന് ശ്രദ്ധേയനാക്കുന്നത്. വളരെ ചെറിയ ദൂരം മാത്രം ഓടിവന്ന് വളരെ ഹൈ ആമിൽ തന്നെ ബോൾ ചെയ്യുന്നതാണ് ബുംറയുടെ ബോളിംഗ് ശൈലി. ഇതിനുള്ള കാരണത്തെപ്പറ്റി ബുമ്ര പറയുകയുണ്ടായി.
ചെറുപ്പകാലത്തിൽ തന്റെ ജീവിതത്തിൽ ഉണ്ടായ ചില കാരണങ്ങളാണ് ഇത്തരമൊരു ബോളിംഗ് ആക്ഷൻ പിന്തുടരാൻ കാരണമെന്നാണ് ബൂമ്ര പറയുന്നത്. “ടിവിയിൽ കണ്ടാണ് ഞാൻ ക്രിക്കറ്റ് പഠിച്ചത്. അല്ലാതെ ഔദ്യോഗികമായ കോച്ചിംഗൊന്നും എനിക്ക് ലഭിച്ചിരുന്നില്ല. അതിനാൽതന്നെ എല്ലാ ബോളർമാരുടെയും ബോളിംഗ് ആക്ഷൻ ഞാൻ കോപ്പി ചെയ്യാൻ ശ്രമിച്ചു. അവസാനം എല്ലാം കൂടി യോജിച്ചപ്പോൾ ഇങ്ങനെ ഒരു ആക്ഷനായി മാറി. പക്ഷേ ഇത്തരം ബോളിംഗ് ആക്ഷൻ എന്റെ ശരീരത്തിന് അധികം വേദന നൽകിയിരുന്നില്ല. അതിനാൽതന്നെ അതൊരു കൈമുതലായി ഞാൻ മാറ്റി.”- ബൂമ പറഞ്ഞു.
ഇതോടൊപ്പം തന്റെ ദൂരം കുറഞ്ഞ റണ്ണപ്പിനെകുറിച്ച് ബുമ്ര പറയുകയുണ്ടായി. “തുടക്കത്തിൽ ഞാൻ ഒരുപാട് ടെന്നീസ് ബോൾ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഇന്ത്യയിൽ നമ്മൾ പലപ്പോഴും ചെറുപ്പത്തിൽ റബ്ബർ ബോളാണ് ഉപയോഗിക്കാറുള്ളത്. അതിനാൽതന്നെ ഞങ്ങൾ കളിക്കുമ്പോൾ ബൗണ്ടറികൾ വളരെ ചെറുതായിരുന്നു. അതിനാൽ വലിയ ദൂരെ നിന്ന് ഓടി വന്ന് ബോൾ ചെയ്യാൻ സാധിക്കുമായിരുന്നില്ല.”- ബുമ്ര കൂട്ടിച്ചേർക്കുന്നു.
“നേരത്തെ ഞാൻ ഇത്രയധികം നടക്കുകയും ചെയ്യില്ലായിരുന്നു. കൂടുതൽ ഓടുമായിരുന്നു. പക്ഷേ ഒരുപാട് എനർജി പാഴാക്കുന്നതായി പിന്നീട് എനിക്ക് തോന്നി. ഇത് ആരും പറഞ്ഞു തന്നതല്ല. പക്ഷേ സ്വന്തമായി ഇത്തരം ഒരു രീതി സൃഷ്ടിക്കപ്പെട്ടു.”- ബുമ്ര പറഞ്ഞുവയ്ക്കുന്നു. നിലവിൽ പരിക്കിലാണെങ്കിലും ഉടൻതന്നെ ബുംറ ഇന്ത്യൻ നിരയിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.