എന്റെ റെക്കോർഡുകൾ അത്ര മോശമൊന്നുമല്ല!! ലഭിക്കുന്ന അവസരങ്ങളിൽ പരമാവധി ടീമിനായി നൽകാൻ ശ്രമിക്കുന്നു!!- പന്ത്

   

ഇന്ത്യക്കായി സമീപകാലത്ത് മോശം പ്രകടനങ്ങൾ പുറത്തെടുത്ത ബാറ്ററാണ് റിഷാഭ് പന്ത്. കഴിഞ്ഞ മത്സരങ്ങളിലോക്കെയും ഇന്ത്യ പന്തിന് ആവശ്യമായ അവസരങ്ങൾ നൽകിയിരുന്നു. എന്നാൽ അതൊന്നും ഒരുതരത്തിലും പന്തിന് ഉപയോഗിക്കാൻ സാധിച്ചില്ല. ഏഷ്യാകപ്പിലും ലോകകപ്പിലും ന്യൂസിലാൻഡിനെതിരായ പരമ്പരയിലും ഇത് കാണുകയുണ്ടായി. ഇതിനുശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് പന്തിനെതിരെ പൊട്ടിപ്പുറപ്പെട്ടത്. പന്ത് ഏകദിനത്തിനും ട്വന്റി20യ്ക്കും യോജിച്ച ക്രിക്കറ്ററല്ല എന്ന് പലരും പറയുകയുണ്ടായി. എന്നാൽ ഈ രണ്ടു ഫോർമാറ്റിലും ഭേദപ്പെട്ട പ്രകടനം തന്നെയാണ് താൻ കാഴ്ചവെച്ചിട്ടുള്ളത് എന്ന് പന്ത്‌ തന്നെ പറയുന്നു.

   

“ഏകദിനത്തിലെയും ട്വന്റി20ലെയും എന്റെ റെക്കോർഡുകൾ അത്ര മോശമൊന്നുമല്ല. കാരണം എനിക്ക് 25 വയസേ ആയിട്ടുള്ളൂ. ഇങ്ങനെ വിവിധ ഫോർമാറ്റിലെ നമ്പരുകൾ ഇപ്പോൾ താരതമ്യം ചെയ്യാൻ സാധിക്കില്ല. എനിക്കൊരു 34 വയസ്സായ ശേഷം താരതമ്യം ചെയ്യാം. അതിനുമുമ്പ് കണക്കുകൾ താരതമ്യം ചെയ്യുന്നതിൽ എന്നെ സംബന്ധിച്ച് യാതൊരു യുക്തിയുമില്ല.”-പന്ത് പറയുന്നു.

   

ഒപ്പം വിവിധ ഫോർമാറ്റുകളിലെ തന്റെ ബാറ്റിംഗ് പൊസിഷനുകളെപറ്റിയും പന്ത് സംസാരിക്കുകയുണ്ടായി. ” ട്വന്റി20യിൽ ഒരു ഓപ്പണറായി കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഏകദിനത്തിൽ നാലാം നമ്പറിലും. ടെസ്റ്റിൽ ഞാൻ അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. ഈ വ്യത്യസ്ത പൊസിഷനുകളിലെ മത്സര തന്ത്രങ്ങളും വ്യത്യാസമാണ്. എപ്പോഴൊക്കെ അവസരങ്ങൾ ലഭിച്ചാലും എന്റെ പരമാവധി ടീമിന് നൽകാൻ തന്നെയാണ് ഞാൻ ശ്രമിക്കാറുള്ളത്. “- പന്ത് കൂട്ടിച്ചേർക്കുന്നു.

   

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലും ട്വന്റി20പരമ്പരയിലും മോശം പ്രകടനങ്ങൾ തന്നെയാണ് പന്ത് കാഴ്ചവെച്ചിട്ടുള്ളത്. രണ്ട് ട്വന്റി20 മത്സരങ്ങളിൽ നിന്ന് 17 റൺസ് മാത്രമാണ് പന്ത്‌ നേടിയത്. 2 ഏകദിനങ്ങളിൽ നിന്ന് 25 റൺസും. എന്നിട്ടും പന്തിനെ ഇന്ത്യ ഇത്രയധികം പിന്തുണയ്ക്കുന്നത് അത്ഭുതകരം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *