ഒരു മത്സരം കൂടി നോക്കിയിട്ട് പന്തിനെ ഇന്ത്യ പുറത്താക്കണം!! അവന് ഒരുപാട് അവസരങ്ങൾ നമ്മൾ നൽകി!! കനേറിയ പറയുന്നു

   

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നു. ആദ്യ മത്സരത്തിൽ ബാറ്റിംഗിൽ പരാജയപ്പെട്ടിട്ടും ഇന്ത്യ വീണ്ടും റിഷാഭ് പന്തിന് അവസരം നൽകുകയും ചെയ്തിരുന്നു. ഇത് അവസാനിപ്പിക്കാൻ സമയമായി എന്നാണ് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റർ ഡാനിഷ് കനേറിയ പറയുന്നത്. മൂന്നാം ഏകദിനത്തിലും ഇന്ത്യ പന്തിനെ കളിപ്പിക്കുകയും, പരാജയപ്പെട്ടാൽ പുറത്തേക്കുള്ള വഴി കാട്ടിക്കൊടുക്കുകയും ചെയ്യണമെന്ന് കനേറിയ പറയുന്നു.

   

“മൂന്നാം മത്സരത്തിലും ഇന്ത്യ റിഷാഭ് പന്തിനെ കളിപ്പിക്കണം. പരാജയപ്പെട്ടാൽ അയാൾക്ക് പുറത്തേക്കുള്ള വഴികാട്ടാൻ ശ്രമിക്കണം. അവന് നമ്മൾ ഒരുപാട് അവസരങ്ങൾ നൽകിയിട്ടുണ്ട്. ഇഷാൻ കിഷനെ പോലെയുള്ള ഒരുപാട് വിക്കറ്റ് കീപ്പർമാർ മികച്ച പ്രകടനങ്ങളോടെ ഇന്ത്യൻ ടീമിലേക്ക് വരാൻ കാത്തുനിൽക്കുന്നു. എപ്പോൾ അവസരം കിട്ടിയാലും ഭേദപ്പെട്ട പ്രകടനം തന്നെയാണ് കിഷൻ കാഴ്ചവയ്ക്കാറുള്ളത്. സഞ്ജുവും വളരെ സ്ഥിരതയോടെ തന്നെയാണ് കളിക്കുന്നത്”- കനേറിയ പറയുന്നു.

   

“പന്ത് ഒരു ടെസ്റ്റ് ക്രിക്കറ്ററാണ് എന്ന് ഞാൻ തുടക്കത്തിലെ പറഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ അയാൾ ഒരു മികച്ച ബാറ്റർ തന്നെയാണ്. എന്നാൽ ഏകദിനത്തിനും ട്വന്റി20യ്ക്കും യോജിച്ച ക്രിക്കറ്ററല്ല അയാൾ. ഏകദിനങ്ങളിലും ട്വന്റി20കളിലും അയാൾ പുറത്താവുന്ന രീതി ഇന്ത്യയ്ക്ക് ഒരുപാട് സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. എന്നാൽ സഞ്ജു കൃത്യമായി ഇന്നിങ്സ് കെട്ടിപ്പടുക്കുകയും മത്സരം അവസാന ഓവറുകളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു.”- കനേറിയ കൂട്ടിച്ചേർക്കുന്നു.

   

ഇതുവരെ ഈ വർഷം ഒമ്പത് ഏകദിനങ്ങൾ കളിച്ച സഞ്ജു 71 റൺസ് ശരാശരിയിൽ 284 റൺസാണ് നേടിയിട്ടുള്ളത്. 9 ഏകദിനങ്ങളിൽ നിന്നും 40 റൺസ് ശരാശരിയിൽ 326 റൺസാണ് പന്തിന്റെ സമ്പാദ്യം. അടുത്ത മാസം ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിൽ സഞ്ജു ഇന്ത്യയുടെ സ്ക്വാഡിലില്ല.

Leave a Reply

Your email address will not be published. Required fields are marked *