ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ ക്രൈസ്റ്റ് ചർച്ചിലാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചിട്ടും ഇന്ത്യ തങ്ങളുടെ ബാറ്റർ സഞ്ജു സാംസണെ രണ്ടാം മത്സരത്തിൽ കളിപ്പിക്കാതിരുന്നത് വിമർശനങ്ങൾ ഉണ്ടാക്കിയിരുന്നു. അതിനാൽതന്നെ മൂന്നാം മത്സരത്തിൽ സഞ്ജു ഉണ്ടാവുമോ എന്നത് വലിയ ചോദ്യമാണ്. ഇന്ത്യ സാംസണെ മൂന്നാം ഏകദിനത്തിൽ കളിപ്പിക്കാത്ത ക്ഷം ഒരുപാട് വിമർശനങ്ങൾ ഇനിയും കേൾക്കേണ്ടി വരും എന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഇപ്പോൾ പറയുന്നത്.
നിലവിൽ ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ അടുത്ത പരമ്പരയിൽ സഞ്ജു സാംസൺ കളിക്കുന്നില്ല. മൂന്നാം മത്സരത്തിൽ ആരെയൊക്കെ കളിപ്പിക്കണം എന്ന തന്റെ കാഴ്ചപ്പാട് ആകാശ് ചോപ്ര പങ്കുവയ്ക്കുകയുണ്ടായി. “ഇന്ത്യ കുൽദീപിന് ഒരു മത്സരം നൽകണം. ഉമ്രാൻ മാലികിനെയും കളിപ്പിക്കണം. ഹൂഡയെയും കളിപ്പിക്കണം. അതോടൊപ്പം സഞ്ജുവിനെയും കളിപ്പിക്കാൻ ശ്രമിക്കേണ്ടതുണ്ട്. സഞ്ജുവിനെ മത്സരത്തിൽ കളിപ്പിച്ചില്ലെങ്കിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവരും. അതുറപ്പാണ്.”- ആകാശ് ചോപ്ര പറയുന്നു.
“എന്നാൽ സഞ്ജു സാംസണെ കളിപ്പിക്കുകയാണെങ്കിൽ എങ്ങനെയാണ് ഇന്ത്യയ്ക്ക് ഹൂഡയെ കളിപ്പിക്കാൻ സാധിക്കുന്നത്? ഇരുവരെയും കളിപ്പിച്ചാൽ റിഷാഭ് പന്തിന് ഇന്ത്യൻ ടീമിന് പുറത്തിരിക്കേണ്ടിവരും. എന്ത് ചെയ്യാനാവും? സൂര്യകുമാർ യാദവിന് ഇന്ത്യ അടുത്ത പരമ്പരയിൽ വിശ്രമം നൽകിയിട്ടുണ്ട്. അതിനാൽതന്നെ മൂന്നാം ഏകദിനത്തിൽ അയാൾക്ക് വിശ്രമം നൽകേണ്ടതില്ല. കാരണം ഇതൊരു അപ്രസക്തമായ മത്സരമല്ല.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.
ചോപ്രയുടെ വാക്കുകളിൽ നിഴലിക്കുന്നത് ഇന്ത്യൻ ടീം നേരിടുന്ന ഒരു വലിയ വെല്ലുവിളി തന്നെയാണ്. കാരണം ആറാം ബോളറെ ഇന്ത്യക്ക് മത്സരത്തിൽ ആവശ്യമായി തന്നെ വരും. അങ്ങനെയെങ്കിൽ മുൻനിരയിലുള്ള സഞ്ജു പുറത്തിരിക്കേണ്ടി വന്നേക്കാം.