ഇന്ത്യയുടെ 2007 ലെയും 2011ലെയും ലോകകപ്പ് വിജയ ടീമിന്റെ ഭാഗമായിരുന്നു മലയാളി താരം എസ് ശ്രീശാന്ത്. ഇരുലോകകപ്പുകളിലും ധോണിയുടെ വജ്രായുധം തന്നെയായിരുന്നു ശ്രീശാന്ത്. നിലവിൽ അബുദാബിയിലെ ടി10 ലീഗിൽ ബംഗ്ലാ ടൈഗേഴ്സ് ടീമിന്റെ മെന്ററായാണ് ശ്രീശാന്ത് പ്രവർത്തിക്കുന്നത്. ബംഗ്ലാ ടൈഗേഴ്സ് ടീമിന്റെ നായകൻ ഷാക്കിബ് അൽ ഹസനാണ്. ഒരു ബാറ്ററെ കുട്ടിക്രിക്കറ്റുകളിൽ എങ്ങനെയാണ് ബോളർമാർ നേരിടേണ്ടത് എന്നതിനെപ്പറ്റി ശ്രീശാന്ത് സംസാരിക്കുകയുണ്ടായി.
“നമ്മൾ അപകടകാരികളായ ബാറ്റർമാർക്ക് എതിരെ ബോൾ ചെയ്യുമ്പോൾ നമ്മളെ തന്നെ പിന്താങ്ങേണ്ടതുണ്ട്. ഒരു ബോളർ എന്ന നിലയ്ക്ക് നമുക്ക് വിക്കറ്റ് നേടാൻ സാധിക്കുമെന്ന് വിശ്വസിക്കണം. മാത്രമല്ല റൺസ് വഴങ്ങുന്നതിനെപ്പറ്റി ചിന്തിക്കുകയും ചെയ്യരുത്. വിക്കറ്റിൽ തന്നെ ശ്രദ്ധിക്കണം. ഇതുവരെ ഞാൻ അങ്ങനെയാണ് ചെയ്തിട്ടുള്ളത്.”- ശ്രീശാന്ത് പറയുന്നു.
ശ്രീശാന്ത് മെന്ററായ ബംഗ്ലാ ടൈഗേഴ്സിന് അത്ര മികച്ച തുടക്കമായിരുന്നില്ല ഈ സീസണിൽ ലഭിച്ചത്. ആദ്യ നാലു മത്സരങ്ങളിൽ മൂന്നിലും ബംഗ്ലാ ടൈഗേഴ്സ് പരാജയം ഏറ്റുവാങ്ങുകയുണ്ടായി. ഇതേപ്പറ്റിയും ശ്രീശാന്ത് പറയുന്നു. “ഒരു ബോളിംഗ് യൂണിറ്റ് എന്ന നിലയിൽ കുറച്ചുകൂടി സ്ഥിരത കാണിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അടുത്ത മൂന്നു മത്സരങ്ങളിൽ ഞങ്ങൾക്ക് വിജയിച്ചേ മതിയാവൂ. ഒരു വിജയം കൊണ്ട് ഒരു പക്ഷേ കാര്യങ്ങളൊക്കെ മാറിമറിഞ്ഞേക്കാം. എവിൻ ലൂയിസിനെയും കോളിൻ മൻറോയെയും പോലെയുള്ള കളിക്കാർ ഞങ്ങളുടെ നിരയിലുണ്ട്.”- ശ്രീശാന്ത് കൂട്ടിച്ചേർത്തു.
ഇതോടൊപ്പം ടി10ക്രിക്കറ്റ് കളിക്കാർക്ക് ദേശീയ ടീമിൽ കളിക്കുമ്പോൾ സഹായകരമാകും എന്ന് ശ്രീശാന്ത് പറയുകയുണ്ടായി. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും വ്യത്യസ്തമാണെന്നും അതിനാൽ എല്ലാവർക്കും പുതിയൊരു അനുഭൂതിയാണ് ടി10ക്രിക്കറ്റ് നൽകുന്നതും ശ്രീശാന്ത് പറഞ്ഞുവയ്ക്കുന്നു.