ലോകക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് എം എസ് ധോണി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഐപിഎല്ലിൽ ചെന്നൈയുടെ നായകനായ ധോണി ടീമിനെ പലതവണ ജേതാക്കളാക്കിയിട്ടുമുണ്ട്. മൈതാനത്തിനകത്തും മൈതാനത്തിന് പുറത്തും പൊതുവേ ശാന്തശീലനായി തന്നെയാണ് ധോണി കാണാറുള്ളത്. അതാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യവും. ചെന്നൈ ടീമിൽ ധോണി തനിക്ക് എത്രമാത്രം പ്രചോദനമായിട്ടുണ്ട് എന്നാണ് അവരുടെ യുവതാരം ഋതുരാജ് ഗെയ്ക്ക്വാഡ് ഇപ്പോൾ പറയുന്നത്.
“ധോണി എല്ലാ കളിക്കാരെയും കൃത്യമായി ശ്രദ്ധിക്കാറുണ്ട്. ഒരു മത്സരം പരാജയപ്പെടുകയാണെങ്കിൽ എല്ലാ താരങ്ങളും ഒരു പത്തു പതിനഞ്ച് മിനിറ്റ് നിശബ്ദരായി ഇരിക്കാറാണ് പതിവ്. എന്നാൽ ധോണിഭായി അങ്ങനെയല്ല. പ്രസന്റേഷൻ ചടങ്ങുകൾക്ക് ശേഷം തിരിച്ചെത്തിയ ധോണി ‘സംഭവിക്കേണ്ടത് സംഭവിച്ചു. ശാന്തരായിരിക്കൂ’ എന്നാണ് പറയാറുള്ളത്.”- ഋതുരാജ് ഗെയ്ക്ക്വാഡ് പറഞ്ഞു.
“ഈ സംസാരം കേട്ടതിനു ശേഷം കളിക്കാർക്കൊക്കെയും അല്പം ആശ്വാസം ലഭിക്കും. കാര്യങ്ങൾ നമ്മുടെ വഴിയിൽ നടക്കാത്ത സാഹചര്യങ്ങളിൽ എങ്ങനെ ശാന്തനായി നിൽക്കണമെന്ന് എന്നെ പഠിപ്പിച്ചത് ധോണിയാണ്. മത്സരത്തിൽ നമ്മൾ വിജയിക്കുകയാണെങ്കിലും ശാന്തത കൈവിടാതിരിക്കേണ്ടത് അത്യാവിശം തന്നെയാണ്. വിജയമായാലും പരാജയമായാലും ടീമിന്റെ അന്തരീക്ഷം ശാന്തമായി നിർത്താൻ ധോണി ശ്രമിക്കാറുണ്ട്. മത്സരത്തിൽ പരാജയപ്പെട്ടാൽ നിരാശയുണ്ടാവും എന്നത് സത്യമാണ്. പക്ഷേ നെഗറ്റിവിറ്റി ഉണ്ടാവാൻ അദ്ദേഹം സമ്മതിക്കാറില്ല.”- ഗെയ്ക്ക്വാഡ് കൂട്ടിച്ചേർത്തു.
“ധോണിയുടെ മീറ്റിങ്ങുകൾ വളരെ ദൈർഘ്യം കുറഞ്ഞതാണ്. മത്സരത്തിൽ പരാജയമറിഞ്ഞാലും ദൈർഘമേറിയ മീറ്റിങ്ങിന്റെ സമയം രണ്ടോ മൂന്നോ മിനിറ്റ് മാത്രമായിരിക്കും. ഒരു ഡിന്നർ പ്ലാൻ ഉണ്ടെന്ന് അദ്ദേഹം പറയും. എല്ലാവരെയും അതിനായി റെഡിയാക്കും. ഒപ്പം എല്ലാ മത്സരവും ടീമിന് ജയിക്കാനാവും എന്ന കാര്യം മനസ്സിലാക്കി തരും.”- റുതുരാജ് പറഞ്ഞുവെക്കുന്നു