അടഞ്ഞ സ്റ്റേഡിയങ്ങളിൽ മത്സരം നടത്താൻ ബോർഡുകൾ തയാറാവണം! ശുഭമാൻ ഗിൽ പറയുന്നു!!

   

ക്രിക്കറ്റ് മത്സരങ്ങൾ ഇപ്പോൾ ഏറ്റവുമധികം നേരിടുന്ന പ്രശ്നം കാലാവസ്ഥ മാറ്റങ്ങളാണ്. മഴയും മറ്റ് സാഹചര്യങ്ങളും മൂലം മത്സരങ്ങൾ തടസ്സപ്പെടുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. 2022 ട്വന്റി20 ലോകകപ്പിലെ നിർണായക മത്സരങ്ങളിലും ഇത് കാണുകയുണ്ടായി. ശേഷം ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ പരമ്പരയിലും മഴ രസംകൊല്ലിയായി എത്തി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം പൂർണമായും ഉപേക്ഷിച്ചപ്പോൾ അവസാന മത്സരം മഴമൂലം സമനിലയിലായി. ശേഷം ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനവും മഴ മൂലം ഉപേക്ഷിക്കുകയുണ്ടായി. ഇതേ സംബന്ധിച്ചാണ് ഇന്ത്യയുടെ ബാറ്റർ ശുഭ്മാൻ ഗിൽ ഇപ്പോൾ സംസാരിക്കുന്നത്.

   

മത്സരങ്ങൾ അടഞ്ഞ സ്റ്റേഡിയത്തിലേക്ക് മാറ്റുന്നതാവും ക്രിക്കറ്റിന് ഉത്തമം എന്നാണ് ശുഭ്മാൻ ഗിൽ പറയുന്നത്. “ഇതിൽ തീരുമാനങ്ങളെടുക്കേണ്ടത് ലോകത്താകമാനമുള്ള ക്രിക്കറ്റ് ബോർഡുകളാണ്. ഒരു കളിക്കാരൻ എന്ന നിലയിലും ക്രിക്കറ്റ് ആരാധകൻ എന്ന നിലയിലും ഇങ്ങനെ തടസ്സം ഉണ്ടാകുന്നത് അരോചകമായി തോന്നാറുണ്ട്. എന്നാൽ ഇതിനെ സംബന്ധിച്ച് എങ്ങനെ ഒരു തീരുമാനമെടുക്കണം എന്നത് എനിക്കറിയില്ല. കാരണം ഇതൊരു വലിയ തീരുമാനമാണ്.”- ഗിൽ പറഞ്ഞു.

   

രണ്ടാം ഏകദിനം മഴ മൂലം ഉപേക്ഷിച്ച ശേഷമായിരുന്നു ശുഭ്മാൻ ഗിൽ ഇക്കാര്യങ്ങൾ അറിയിച്ചത്. “അടഞ്ഞ സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടത്തുന്നതാവും നല്ലത്” എന്നും ശുഭ്മാൻ ഗിൽ പറയുകയുണ്ടായി. “ശരിക്കും ഇത് വളരെ നിരാശാജനകമാണ്. എത്ര ഓവറുകളുണ്ട് എന്നതിനെപ്പറ്റി നമുക്ക് അറിയാൻ സാധിക്കില്ല. അതിനാൽതന്നെ ഇന്നിങ്സ് പ്ലാൻ ചെയ്യാനും ബുദ്ധിമുട്ടാണ്.”- ഗിൽ കൂട്ടിച്ചേർക്കുന്നു.

   

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ 50 റൺസായിരുന്നു ഗിൽ നേടിയത്. രണ്ടാം മത്സരത്തിൽ പുറത്താകാതെ 45 റൺസും ശുഭ്മാൻ ഗിൽ നേടുകയുണ്ടായി. എന്നാൽ ശേഷം മഴയെത്തുകയും മത്സരം പൂർണ്ണമായും ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *