എന്തുകൊണ്ടാണ് ഇന്ത്യയുടെ ബാറ്റർമാർ ബോൾ ചെയ്യാത്തത്? അന്ന് സച്ചിനും സേവാഗുമൊക്കെ ചെയ്തിരുന്നതിലെ രഹസ്യം ഇതാണ്!!

   

കാലാകാലങ്ങളിൽ ക്രിക്കറ്റിൽ സാങ്കേതികപരമായും മറ്റും ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് ടീമുകളുടെ കാര്യക്ഷമതയെയും ബാധിക്കുന്നതായി കാണാം. മുൻപ് നെറ്റ് സെഷനിൽ ഇന്ത്യയുടെ ബാറ്റർമാരായ സച്ചിനും സേവാഗും യുവരാജുമൊക്കെ മറ്റു ബാറ്റർമാർക്കായി ബോൾ ചെയ്തിരുന്നു. ഇതിലൂടെ അവർ ബോളിങ്ങിൽ ശോഭിക്കുകയും മത്സരങ്ങളിൽ സഹായകരമായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ടീമുകൾ തങ്ങളുടെ പരിശീലനത്തിനായി സൈഡ് ആം ബോളർമാരെ തിരഞ്ഞെടുക്കുന്നു. അവരുടെ സൈഡ് ആം ത്രോയിൽ ബാറ്റർമാർ പരിശീലനങ്ങൾ നടത്തുന്നു. ഇങ്ങനെ ബാറ്റർമാർ ബോൾ എറിഞ്ഞു പരിശീലിക്കാത്തതാണ് ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർമാരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം എന്നാണ് മുൻ ഇന്ത്യൻ ബാറ്റർ ആകാശ് ചോപ്ര പറയുന്നത്.

   

എന്തുകൊണ്ടാണ് ഇന്ത്യയുടെ ബാറ്റർമാർ നെറ്റിൽ ബോൾ ചെയ്യാത്തത് എന്ന് ആകാശ് ചോപ്ര ചോദിക്കുന്നു. “എന്തുകൊണ്ടാണ് നമ്മുടെ ബാറ്റർമാർ ബോൾ ചെയ്യാത്തത്? ഇന്ത്യക്കായി മുൻപ് യുവരാജ് സിംഗും സച്ചിൻ ടെണ്ടുൽക്കറും വീരേന്ദ്ര സേവാഗുമൊക്കെ ബോൾ ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ ആരും ബോൾ ചെയ്യാറില്ല. ബാറ്റർമാർ നെറ്റ്സിൽ ബോൾ ചെയ്യുന്നത് പൂർണമായും അവസാനിപ്പിച്ചു. അവർ ഒന്നുകിൽ ബാറ്റ് ചെയ്യും. അല്ലെങ്കിൽ ഫീൽഡ് ചെയ്യും. ശേഷം മൈതാനം വിടും. അതൊരു വലിയ പ്രശ്നമാണ്.”- ചോപ്ര പറയുന്നു.

   

“ഇപ്പോൾ ഇന്ത്യ പര്യടനങ്ങൾക്കായി 4 നെറ്റ് ബോളർമാരെ കൊണ്ടുപോകും. കൂടാതെ സൈഡ് ആം എറിയുന്ന രണ്ടുപേരും ഉണ്ടാവും. ബോളർമാർ അവർക്കെതിരെ ബാറ്റ് ചെയ്യാറുണ്ട്. അതിനാൽ അവരുടെ ബാറ്റിംഗിൽ മെച്ചമുണ്ടാവും. പക്ഷേ ഓൾറൗണ്ടർമാർ വർദ്ധിക്കുകയില്ല. നിലവിൽ ഇന്ത്യയുടെ ബാറ്റർമാരും ബോളർമാരും ചെയ്യുന്നത് ഇതുതന്നെയാണ്.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

   

ന്യൂസിലാൻഡിനെതിരായ ഏകദിനങ്ങളിൽ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രശ്നം ഓൾറൗണ്ടർമാർ ഇല്ലാത്തത് തന്നെയായിരുന്നു. ഈ കാരണം കൊണ്ട് ആദ്യ ഏകദിനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജുവിനെ ഇന്ത്യക്ക് രണ്ടാം ഏകദിനത്തിൽ പുറത്തിരുത്തേണ്ടിയും വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *