ഇന്ത്യ തങ്ങളുടെ ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തിയിരുന്നില്ല. പകരം ദീപക് ഹൂഡയെ ഇന്ത്യ കളിപ്പിച്ചു. തങ്ങൾക്ക് ആറാം ബോളറെ ആവശ്യമായി വന്നതിനാലാണ് സഞ്ജു സാംസണെ ഒഴിവാക്കേണ്ടി വന്നത് എന്നാണ് ക്യാപ്റ്റൻ ശിഖർ ധവാൻ മത്സരശേഷം അറിയിച്ചത്. എന്നിരുന്നാലും സഞ്ജു സാംസണായി സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉയർന്ന പ്രതിഷേധത്തെ ഒരു കാരണവശാലും അനീതിപരമായി കാണാൻ സാധിക്കില്ല. ഇതേപ്പറ്റിയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്.
ഇതിൽ കൂടുതലായി ടീമിൽ തുടരാൻ സഞ്ജു എന്താണ് ചെയ്യേണ്ടത് എന്ന് ആകാശ് ചോപ്ര ചോദിക്കുന്നു. “രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ ഇന്ത്യ ഒഴിവാക്കിയിരുന്നു. ശേഷം ദീപക് ഹൂഡയെയാണ് ഇന്ത്യ കളിപ്പിച്ചത്. ശേഷം ട്വിറ്ററിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഒരു വലിയ ചോദ്യം അവശേഷിക്കുകയാണ്. സഞ്ജു ടീമിൽ തുടരാൻ ഇതിൽ കൂടുതൽ എന്താണ് ചെയ്യേണ്ടത്.”- ചോപ്ര പറയുന്നു.
“ഒരുപക്ഷേ റിഷഭ് പന്തിന് പകരം സഞ്ജു സാംസനെ കളിപ്പിക്കുകയായിരുന്നുവെങ്കിൽ കാര്യങ്ങൾ ഇങ്ങനെ വരില്ലായിരുന്നു. പക്ഷേ അത് ഒരു തരത്തിലും പ്രായോഗികമല്ലല്ലോ. കാരണം ഈ പരമ്പരയിൽ ഇന്ത്യയുടെ ഉപനായകനാണ് പന്ത്”- ആകാശ് ചോപ്ര കൂട്ടിട്ടിചേർക്കുന്നു. ഇതോടൊപ്പം ടീമിനുള്ളിൽ മത്സരം നടക്കുന്നത് പന്തും സഞ്ജുവും തമ്മിലല്ല എന്നും ചോപ്ര പറയുന്നു. പ്രധാനപ്രശ്നം ആറാം ബോളർ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല എന്നതായിരുന്നു എന്നും ചോപ്ര കൂട്ടിച്ചേർക്കുന്നു.
“സഞ്ജുവിന് പകരം ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടീമിൽ കളിച്ചത്. പന്തും സഞ്ജുവും തമ്മിലല്ല യഥാർത്ഥ പ്രശ്നം. ഇന്ത്യയ്ക്ക് ആറാം ബോളറെ വേണ്ടിയിരുന്നു. അതിനാൽ മാത്രമാണ് ഹൂഡയെ ടീമിൽ ഉൾപ്പെടുത്തിയത്.”- ചോപ്ര പറഞ്ഞുവയ്ക്കുന്നു.