നിലവിൽ സോഷ്യൽ മീഡിയയിലടക്കം വൈറലായികൊണ്ടിരിക്കുന്ന ചോദ്യമാണ് ഇന്ത്യയുടെ ടീമിൽ റിഷഭ് പന്തിന് പകരം സഞ്ജുവിന് കൂടുതൽ അവസരങ്ങൾ നൽകണമോ എന്നത്. പലരും സഞ്ജു കൂടുതൽ അവസരങ്ങൾ അർഹിക്കുന്നു എന്നു പറയുമ്പോഴും ഇന്ത്യ പന്തിനെയാണ് പലപ്പോഴും പിന്തുണയ്ക്കാറുള്ളത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെ മോശം പ്രകടനം കാഴ്ചവെച്ചിട്ടും പന്തിനെ ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തുകയുണ്ടായി. എന്നാൽ ട്വന്റി20കളിൽ വിക്കറ്റ് കീപ്പറുടെ റോളിൽ പന്തിനുപകരം സഞ്ജുവിനെ തന്നെ ഇന്ത്യ കളിപ്പിക്കേണ്ടതുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ ഇപ്പോൾ പറയുന്നത്.
പന്തിന്റെ കഴിഞ്ഞ ട്വന്റി20 മത്സരങ്ങളിലെയൊക്കെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് വസീം ജാഫർ ഇക്കാര്യം ബോധിപ്പിക്കുന്നത്. “ട്വന്റി20യിൽ സഞ്ജു സാംസണ് കൂടുതൽ അവസരങ്ങൾ നൽകണമെന്ന പക്ഷത്ത് തന്നെയാണ് ഞാൻ. പന്ത് ട്വന്റി20യിൽ യാതൊരുവിധ സ്ഥിരതയും സമീപകാലത്ത് കാട്ടിയിട്ടില്ല. മധ്യനിരയിൽ അയാൾ പരാജയപ്പെടുകയാണ്. ഇന്ത്യ അയാളെ ഓപ്പണറായിറക്കി പരീക്ഷിച്ചിട്ടും ഫലം കണ്ടില്ല.”- ജാഫർ പറയുന്നു.
“ട്വന്റി20യിലെങ്കിലും സഞ്ജു സാംസണ് കൂടുതൽ അവസരങ്ങൾ നൽകുന്നതാണ് ഉത്തമം. ഏകദിനങ്ങളിൽ ടീമിൽ ഓൾറൗണ്ടറെ ഉൾപ്പെടുത്തുന്നതിനായി മാനേജ്മെന്റിന് അയാളെ ഒഴിവാക്കേണ്ടി വരുന്നുണ്ട്.”- വസീം ജാഫർ കൂട്ടിച്ചേർക്കുന്നു. ഇതോടൊപ്പം ഏകദിന മത്സരങ്ങളിൽ പന്ത് തന്നെയാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പറെന്നും വസീം ജാഫർ സൂചിപ്പിച്ചു.
ന്യൂസിലാൻഡിനെതിരായ ട്വന്റി20യിൽ ഇന്ത്യയുടെ സ്ക്വാഡംഗമായിരുന്നു സഞ്ജു സാംസൺ. പക്ഷേ പരമ്പരയിൽ ഒരു മത്സരം പോലും കളിക്കാൻ സഞ്ജുവിന് സാധിച്ചില്ല. ശേഷം ആദ്യ ഏകദിനത്തിൽ സഞ്ജു കളിച്ചിരുന്നുവെങ്കിലും രണ്ടാം ഏകദിനത്തിൽ ഇന്ത്യ സഞ്ജുവിനെ ഒഴിവാക്കി.