സഞ്ജു കൂടുതൽ മത്സരങ്ങൾ അർഹിക്കുന്നു!! അവനൊരു നിർഭാഗ്യവാനായ ക്രിക്കറ്റർ – ജാഫർ

   

ഇന്ത്യയുടെ ന്യൂസിലാൻഡിനേതിരായ ഏകദിനത്തിൽ സഞ്ജുവിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നതിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ നിർഭാഗ്യം കൊണ്ടുമാത്രമാണ് സഞ്ജുവിന് ടീമിൽ കളിക്കാൻ സാധിക്കാതെ പോയത് എന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറയുന്നത്. ഇന്ത്യയുടെ മുൻനിര പരിശോധിച്ചാൽ ആദ്യ അഞ്ചിൽ ആരെയും തന്നെ ഒഴിവാക്കാൻ സാധിക്കില്ല എന്ന് വസീം ജാഫർ പറയുകയുണ്ടായി. അതിനാൽ ബാലൻസ് നേടിയെടുക്കാൻ സഞ്ജുവിനെ ഇന്ത്യയ്ക്ക് ഒഴിവാക്കേണ്ടിവന്നു എന്നാണ് ജാഫറിന്റെ പക്ഷം.

   

എന്നാൽ സഞ്ജു സാംസൺ കുറച്ചധികം മത്സരങ്ങൾ ഇന്ത്യൻ ടീമിൽ അർഹിക്കുന്നുണ്ട് എന്നും ജാഫർ പറയുകയുണ്ടായി. “സഞ്ജുവിനെ സംബന്ധിച്ച് ഇത് വളരെയധികം നിരാശാജനകം തന്നെയാണ്. എപ്പോഴെങ്കിലും ഇന്ത്യൻ ടീമിന് ആരെയെങ്കിലും ഒഴിവാക്കേണ്ട സാഹചര്യം വരുമ്പോൾ നിർഭാഗ്യവശാൽ സഞ്ജുവിന്റെ പേര് ആദ്യം വരുന്നു. ഏകദിനങ്ങളിലും 20-20കളിലും കുറച്ചധികം മത്സരങ്ങൾ സഞ്ജു അർഹിക്കുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.”- വസീം ജാഫർ പറയുന്നു.

   

ഇതോടൊപ്പം സഞ്ജു മികച്ച കളിക്കാരൻ ആണെന്ന് മുൻപ് തെളിയിച്ചിട്ടുണ്ട് എന്നും വസീം ജാഫർ പറയുകയുണ്ടായി. “കഴിഞ്ഞ സമയങ്ങളിൽ ഏകദിനങ്ങളിലായാലും ട്വന്റി20യിലായാലും മികച്ച പ്രകടനം തന്നെയാണ് സഞ്ജു സാംസൺ കാഴ്ച വെച്ചിട്ടുള്ളത്. അയാൾ ഒരു മികവാർന്ന ക്രിക്കറ്റർ തന്നെയാണ്. എന്നാൽ സ്ഥിരതയോടെ അവസരങ്ങൾ സഞ്ജുവിനെ തേടിയെത്തുന്നില്ല എന്നത് വലിയൊരു പ്രശ്നം തന്നെയാണ്.”- വസീം ജാഫർ കൂട്ടിച്ചേർക്കുന്നു.

   

മത്സരത്തിലെ ടീം ലൈനപ്പ് പ്രഖ്യാപിച്ചതിനുശേഷം പല ആരാധകരും സൂചിപ്പിച്ചത് പന്തിന് പകരം ഇന്ത്യ സഞ്ജു സാംസനെ ഉൾപ്പെടുത്തണമായിരുന്നു എന്ന് തന്നെയാണ്. എന്നാൽ പന്ത് കഴിഞ്ഞ സമയങ്ങളിൽ ഏകദിനങ്ങളിൽ നടത്തിയ മികച്ച പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് സാധ്യമല്ല എന്ന് ജാഫർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *