ഇന്ത്യയുടെ ന്യൂസിലാന്റിനെതിരായ ആദ്യ മത്സരത്തിൽ മൂന്നു പന്തുകളിൽ നാലു റൺസ് മാത്രമായിരുന്നു ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ് നേടിയത്. എന്നാൽ രണ്ടാം മത്സരത്തിൽ തനിക്ക് ലഭിച്ച അവസരം സൂര്യകുമാർ മികച്ച രീതിയിൽ തന്നെ വിനിയോഗിച്ചു. മത്സരത്തിൽ 25 പന്തുകളിൽ 34 റൺസ് നേടിയ സൂര്യ പുറത്താവാതെ നിന്നു. മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും സൂര്യയുടെ ഈ ഇന്നിങ്സിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ കോച്ച് രവിശാസ്ത്രി.
സൂര്യകുമാർ സാഹചര്യത്തിനനുസരിച്ചാണ് രണ്ടാം ഏകദിനത്തിൽ ബാറ്റ് ചെയ്തത് എന്ന് രവി ശാസ്ത്രി പറയുന്നു. മത്സരത്തിൽ സൂര്യ ബ്രെയ്‌സ്വെല്ലിനെതിരെ നേടിയ റിവേഴ്സ് സ്വീപ്പ് സിക്സിനെപ്പറ്റി സംസാരിക്കുകയായിരുന്നു രവി ശാസ്ത്രി. “അതൊരു നല്ല സ്വീപ്പ് ഷോട്ട് ആയിരുന്നു. കഴിഞ്ഞ ഇന്നിങ്സിൽ എന്ത് സംഭവിച്ചു എന്നതിനെപ്പറ്റി ആലോചിക്കാതെയാണ് സൂര്യകുമാർ ഇന്ന് കളിച്ചത്. അയാൾ കഴിഞ്ഞ ഇന്നിങ്സിലെ കഥ പാടെ ഉപേക്ഷിച്ചു. 29 ഓവർ മത്സരമായതിനാൽ തന്നെ തിടുക്കത്തിൽ റൺസ് കണ്ടെത്താൻ ശ്രമിച്ചു.”- ശാസ്ത്രി പറഞ്ഞു.
“സൂര്യകുമാർ എല്ലായിപ്പോഴും അയാളുടെ സാധ്യതകൾ എടുക്കാറുണ്ട്. ആദ്യ എട്ടു പത്തു ബോളുകളിൽ ബോളർമാർക്ക് സൂര്യകുമാർ അവസരങ്ങൾ നൽകുന്നു. അത് ബോളർമാരെ സംബന്ധിച്ച് സൂര്യയുടെ വിക്കറ്റെടുക്കാൻ ഏറ്റവും അനുയോജ്യമായ സമയവുമാണ്. എന്നാൽ ആ ഒരു സമയത്ത് അവന്റെ വിക്കറ്റെടുക്കാൻ സാധിച്ചില്ലെങ്കിൽ പിന്നീട് അതിനുള്ള മറുപടി അവൻ ബോളർമാർക്ക് നൽകും.”- രവി ശാസ്ത്രി കൂട്ടിച്ചേർത്തു.
മത്സരത്തിൽ ശുഭമാൻ ഗില്ലുമൊത്ത് രണ്ടാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് തന്നെയാണ് സൂര്യകുമാർ യാദവ് കെട്ടിപ്പടുത്തത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 66 റൺസാണ് കൂട്ടിച്ചേർത്തത്. അങ്ങനെ ഇന്ത്യ 13 ഓവറുകളിൽ 89 ന് 1 വിക്കറ്റ് എന്ന നിലയിലെത്തി. ശേഷമായിരുന്നു മത്സരത്തിൽ മഴ കടന്നു വരികയും, മത്സരം പൂർണമായും ഉപേക്ഷിക്കുകയും ചെയ്തത്.