ഇന്ത്യ എ ടീമിൽ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചില്ല!! എല്ലാ സ്വപ്നങ്ങളും പെട്ടെന്ന് സഫലമായി!- രോഹൻ കുന്നുമ്മൽ

   

കേരളത്തിൽനിന്ന് ഇന്ത്യൻ ദേശീയ ടീമിലേക്ക് എത്തുന്ന താരങ്ങൾ എന്നും മലയാളികൾക്ക് അഭിമാനം തന്നെയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സഞ്ജു സാംസൺ. സഞ്ജുവിന് ശേഷം മറ്റൊരു മലയാളി കൂടെ ഇപ്പോൾ ഇന്ത്യൻ. ദേശീയ ടീമിന്റെ അടുത്തെത്തിയിട്ടുണ്ട് കേരളത്തിന്റെ ബാറ്റർ രോഹൻ കുന്നുമ്മൽ. ഇന്ത്യ എ ടീമിന്റെ ബംഗ്ലാദേശിനെതിരായ രണ്ടു ചതുർദിന മത്സരങ്ങളിലേക്കാണ് രോഹൻ കുന്നുമ്മലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. അഭിമന്യു ഈശ്വർ നായകനായ ഇന്ത്യ എ സ്‌ക്വാഡിൽ വെറ്ററൻ ക്രിക്കറ്റർ ചെതേശ്വർ പൂജാരയും അംഗമാണ്.

   

ടെസ്റ്റ് സ്പെഷ്യലിസ്റ്റായ പൂജാരയോടൊപ്പമുള്ള ഇടപെടലുകളും സംസാരങ്ങളും തനിക്ക് ഒരുപാട് സഹായകരമായിട്ടുണ്ട് എന്ന് രോഹൻ പറയുന്നു. “പൂജാരയുടെ അടുത്തിരിക്കാൻ പോലും സാധിക്കുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. നമ്മൾ അദ്ദേഹത്തിന്റെ മത്സരം ടെലിവിഷനിൽ വർഷങ്ങളായി കാണുന്നുണ്ട്. അതിനാൽതന്നെ പൂജാര സാറിനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു. മനസ്സിൽ ഇതൊരു സ്വപ്നമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്ന് സഫലമാകും എന്ന് കരുതിയില്ല.”- രോഹൻ പറഞ്ഞു.

   

“സത്യം പറഞ്ഞാൽ ഇന്ത്യ എ ടീമിനായി എന്നെ തിരഞ്ഞെടുക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ സന്തോഷവാനാണ്. ഒപ്പം ഈ അവസരം നന്നായി വിനിയോഗിക്കാനും ശ്രമിക്കും എന്റെ ഏറ്റവും വലിയ ലക്ഷ്യം ഇന്ത്യൻ ദേശീയ ടീമിനായി കളിക്കുക എന്നതും രാജ്യത്തിനായി ലോകകപ്പ് നേടുക എന്നതുമാണ്. അത് സാധ്യമാകുമെന്ന് കരുതുന്നു.”- രോഹൻ കൂട്ടിച്ചേർത്തു.

   

തന്റെ ആദ്യ വിദേശ ടൂറാണ് ബംഗ്ലാദേശിനെതിരായ പര്യടനമെന്ന രോഹൻ പറയുന്നു. അതിനാൽതന്നെ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് രോഹൻ ഉറച്ചു വിശ്വസിക്കുന്നുണ്ട്. നവംബർ 28നാണ് ഇന്ത്യ എയുടെ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *