ഇന്ത്യ ക്യാപ്റ്റനെ തിരഞ്ഞെടുത്തിരുന്നത് കസേരകളി പോലെ!! ഒരു വ്യക്തതയുമില്ലാത്ത 10 മാസങ്ങൾ!!

   

കഴിഞ്ഞ സമയങ്ങളിൽ പല കാര്യങ്ങളിലും ഇന്ത്യൻ ടീം അസ്ഥിരത കാട്ടുകയുണ്ടായി. ടീം അംഗങ്ങളുടെ കാര്യത്തിലായാലും നായകത്വത്തിന്റെ കാര്യത്തിലായാലും ഇന്ത്യൻ നിരയിൽ മാറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു. പല വലിയ മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടാനുള്ള കാരണവും ഈ മാറ്റങ്ങളായിരുന്നു. ലോകകപ്പിൽ കൂടെ പരാജയമറിഞ്ഞതോടെ ബിസിസിഐ തങ്ങളുടെ സെലക്ഷൻ കമ്മിറ്റിയെ പൂർണമായും പിരിച്ചുവിടുകയും ചെയ്തു. ഇതിനുള്ള പ്രധാനകാരണം പ്രകടനങ്ങളിലെ മെച്ചമില്ലായ്മയും, ക്യാപ്റ്റൻസിയിലടക്കമുള്ള അസ്ഥിരതയും ആണെന്നാണ് വിരാട് കോഹ്ലിയുടെ ചെറുപ്പകാല കോച്ചായ രാജ്കുമാര്‍ ശർമ്മ പറയുന്നത്.

   

നായകന്മാരെ കണ്ടെത്തുന്നതിൽ ഇന്ത്യയ്ക്ക് കഴിഞ്ഞ സമയങ്ങളിൽ വലിയ തെറ്റുകൾ സംഭവിച്ചതായി ശർമ പറയുന്നു. “കഴിഞ്ഞ 10 മാസങ്ങൾക്കിടയിൽ എട്ടു നായകന്മാരെയാണ് ഇന്ത്യ മാറ്റിപരീക്ഷിച്ചത്. ഇങ്ങനെയുള്ള പ്രശ്നങ്ങൾ കൊണ്ടാണ് ബിസിസിഐ സെലക്ഷൻ കമ്മിറ്റിയെ പിരിച്ചുവിട്ടത്. അവർക്ക് സ്ഥിരമായി ഒരു ടീം കെട്ടിപ്പടുക്കാൻ സാധിച്ചില്ല. എല്ലാ ഫോർമാറ്റിലും ആരു നായകനാവണം എന്നതിനെപ്പറ്റിയും അവർക്ക് ധാരണ ഉണ്ടായിരുന്നില്ല.”- രാജ്കുമാര്‍ ശർമ്മ പറയുന്നു.

   

ഇതോടൊപ്പം ഇന്ത്യൻ ടീമിൽ നായികപദവി എന്നത് വെറുമൊരു കസേരകളിയായി മാറിയെന്നും രാജ്കുമാര്‍ ശർമ പറയുകയുണ്ടായി. “ഇന്ത്യയുടെ നായകത്വം ഒരു കസേരകളിയായി മാറി. ഇത് നിർഭാഗ്യകരമാണ്. എന്തായാലും പുതിയ സെലക്ഷൻ കമ്മിറ്റി കൃത്യമായ ഒരു മാനസികാവസ്ഥയോടെ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.”- രാജ്കുമാര്‍ ശർമ്മ കൂട്ടിച്ചേർക്കുന്നു.

   

ലോകകപ്പിന്റെ സെമിഫൈനലിൽ ഇംഗ്ലണ്ട് ടീമിനോടേറ്റ പരാജയത്തിന് ശേഷമായിരുന്നു ബിസിസിഐ ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റിയെ പിരിച്ചുവിട്ടത്. ശേഷം പുതിയ കമ്മിറ്റിക്കായുള്ള അപേക്ഷകൾ സ്വീകരിക്കാനും ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *