ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഏഴ് വിക്കറ്റുകൾക്കായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 307 എന്ന മികച്ച സ്കോറിൽ എത്തിയിരുന്നു. എന്നാൽ ന്യൂസിലാൻഡ് ബാറ്റർമാരെ പിടിച്ചുകെട്ടുന്നതിൽ ഇന്ത്യയുടെ യുവനിര പരാജയപ്പെടുകയാണ് ഉണ്ടായത്. മത്സരത്തിൽ ഇന്ത്യ പരാജയപ്പെടാനുള്ള പ്രധാന കാരണം ബോളിങ്ങിലെ കൂർമതക്കുറവും പിച്ചിന്റെ കണ്ടീഷനിൽ വന്ന മാറ്റങ്ങളുമായിരുന്നു. ഇതേപ്പറ്റിയാണ് ഇന്ത്യയുടെ ക്യാപ്റ്റൻ ശിഖർ ധവാൻ സംസാരിക്കുന്നത്.
“ഞങ്ങൾ നേടിയ റൺസിൽ ഞങ്ങൾ തൃപ്തരായിരുന്നു. കാരണം ആദ്യ 10-15 ഓവറുകളിൽ ബോളിങ്ങിന് പിച്ചിൽ നിന്ന് നല്ല പിന്തുണ ലഭിക്കുകയുണ്ടായി. മറ്റുള്ള മൈതാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഈ മൈതാനം. അതനുസരിച്ച് തന്ത്രങ്ങൾ മാറ്റേണ്ടതായി വന്നു. ഇന്ന് ഞങ്ങൾ ഷോർട്ട് ലെങ്ത്തിൽ കുറച്ചധികം എറിഞ്ഞു. എന്നാൽ ലാതം ആക്രമിക്കുകയുണ്ടായി. അങ്ങനെയാണ് മത്സരം കയ്യിൽ നിന്ന് വഴുതിപ്പോയത്. പ്രത്യേകിച്ച് നാല്പതാം ഓവറിൽ.”- ധവാൻ പറഞ്ഞു.
“നാൽപ്പതാം ഓവറിലായിരുന്നു മൊമെന്റം മാറിമറിഞ്ഞത്. എന്തായാലും ഇവിടെ കളിച്ചത് ഞങ്ങൾ നന്നായി ആസ്വദിച്ചു. മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കിൽ കൂടുതൽ സന്തോഷമായേനെ. സ്ക്വാഡിലുള്ളവരിൽ ഭൂരിഭാഗവും യുവതാരങ്ങളാണ്. ഈ മത്സരത്തിൽ നിന്ന് ഒരുപാട് പഠിക്കാൻ അവർക്ക് സാധിക്കും. ബോളിംഗ് സൈഡിലും ഫീൽഡിങ് സൈഡിലും ഞങ്ങൾ പുരോഗമിക്കേണ്ടതുണ്ട്. അതിൽ ഞങ്ങൾ ശ്രദ്ധിക്കും.”- ധവാൻ കൂട്ടിച്ചേർത്തു.
മത്സരത്തിൽ 40ആം ഓവറിന് മുമ്പ് ന്യൂസിലാൻഡിന് വിജയിക്കാൻ വേണ്ടിയിരുന്നത് 66 പന്തുകളിൽ 91 റൺസായിരുന്നു. എന്നാൽ താക്കൂർ എറിഞ്ഞ നാല്പതാം ഓവറിൽ 25 റൺസാണ് ടോം ലാതം നേടിയത്. ഇതോടെ മത്സരം ഇന്ത്യയുടെ കയ്യിൽ നിന്ന് വഴുതി പോവുകയായിരുന്നു.