പലപ്പോളും അർഹിച്ച പ്രശംസകൾ അവന് ലഭിച്ചില്ല!! പക്ഷെ അവനാണ് യഥാർത്ഥ ഹീറോ!!- രവി ശാസ്ത്രി പറയുന്നു

   

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിലെ നായകനാണ് ശിഖർ ധവാൻ. ഇന്ത്യൻ ടീമിനായി മികച്ച ഇന്നിങ്സുകൾ കളിച്ചിട്ടുള്ള ധവാൻ ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിലും ഇത് ആവർത്തിച്ചു. മത്സരത്തിൽ 77 പന്തുകളിൽ 72 റൺസായിരുന്നു ശിഖർ ധവാൻ നേടിയത്. ഇന്ത്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ധവാന്റെ ഈ ഇന്നിങ്സ് പ്രശംസനീയം തന്നെയായിരുന്നു. ഇന്ത്യൻ ടീമിൽ ആവശ്യമായ പ്രശംസകൾ ലഭിക്കാത്ത ക്രിക്കറ്ററാണ് ശിഖർ ധവാൻ എന്നാണ് ഇന്ത്യയുടെ മുൻ കോച്ച് രവിശാസ്ത്രി പറയുന്നത്.

   

ആദ്യ ഏകദിനത്തിന് മുമ്പാണ് രവിശാസ്ത്രി ഇക്കാര്യം അറിയിച്ചത്. “ധവാൻ വളരെയേറെ പരിചയസമ്പന്നനാണ്. ആവശ്യമായ പ്രശംസകൾ അയാൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സത്യസന്ധമായി പറഞ്ഞാൽ എല്ലാവരുടെയും ശ്രദ്ധ എല്ലായിപ്പോഴും വിരാടിലും രോഹിത്തിലും മാത്രമായിരുന്നു. എന്നാൽ ധവാന്റെ ഏകദിന റെക്കോർഡുകൾ പരിശോധിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. വമ്പൻ ടീമുകൾക്കെതിരെ മികച്ച പ്രകടനങ്ങളാണ് ധവാൻ ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്.”- ശാസ്ത്രി പറഞ്ഞു.

   

ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിലും ധവാന്റെ പരിചയസമ്പന്നത ഇന്ത്യയ്ക്ക് മുതൽക്കൂട്ടാവും എന്ന് ശാസ്ത്രി പറയുന്നു. “ഓപ്പണിങ്ങിൽ ഒരു ഇടംകയ്യാൻ ഉണ്ടെങ്കിൽ അത് ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടാക്കും. മാത്രമല്ല ധവാൻ ഒരു വെടിക്കെട്ട് കളിക്കാരനാണ്. അയാൾ എല്ലാത്തരം ക്ലാസ്സ് ഷോട്ടുകളും കളിക്കാറുണ്ട്. സ്ക്വാഡിൽ ഒരുപാട് കഴിവുള്ള യുവതാരങ്ങൾ ഉണ്ടെങ്കിലും ധവാന്റെ അനുഭവസമ്പത്താവും ഇന്ത്യക്ക് പ്രധാനമാവുക.”- ശാസ്ത്രി കൂട്ടിച്ചേർക്കുന്നു.

   

ഈ വർഷം ഏകദിനങ്ങളിൽ വളരെ സ്ഥിരതയോടെ തന്നെയാണ് ധവാൻ ബാറ്റ് ചെയ്തത്. 16 ഏകദിനങ്ങളിൽ നിന്ന് 40 റൺസ് ശരാശരിയിലാണ് ധവാൻ കളിക്കുന്നത്. അഞ്ച് അർത്ഥസെഞ്ച്വറികളും ധവാൻ ഈ വർഷം നേടിയിട്ടുണ്ട്. അടുത്ത 50 ഓവർ ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ധവാൻ ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *