2024 ലോകകപ്പിൽ ഭൂവനേശ്വറിന് പകരക്കാരനായി ഇവൻ കളിക്കണം!! ഇന്ത്യ മാറി ചിന്തിക്കേണ്ട സമയമായി – കനേറിയ

   

ഏഷ്യാകപ്പിലെയും ലോകകപ്പിലെയും ഇന്ത്യയുടെ പ്രധാന ബോളറായിരുന്നു ഭുവനേശ്വർ കുമാർ. മത്സരത്തിന്റെ ആദ്യ സമയങ്ങളിൽ തനിക്ക് ലഭിക്കുന്ന സ്വിങ് വളരെ നന്നായിത്തന്നെ ഉപയോഗിക്കുന്ന ഭൂവി, ഡെത്ത് ഓവറുകളിൽ പരാജയപ്പെടുന്നത് പലപ്പോഴായി കാണുകയുണ്ടായി. 2024 ലോകകപ്പിൽ ഇന്ത്യക്കായി ഭുവനേശ്വർ കുമാറിന് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയ. ഇന്ത്യയുടെ പേസർ ദീപക് ചഹർ ട്വന്റി20യിൽ ഭുവനേശ്വറിന് പകരക്കാരനാവാൻ സാധിക്കുന്ന ബോളറാണെന്ന് ഡാനിഷ് കനേറിയ പറയുന്നു.

   

“ദീപക് ചാഹർ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. പക്ഷേ അയാളെ ഇന്ത്യ ആവശ്യമായ രീതിയിൽ ഉപയോഗിക്കേണ്ടതുണ്ട്. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് അയാൾ ഒരു മികച്ച കളിക്കാരനായിരിക്കും. ഇന്ത്യയുടെ ട്വന്റി20 സ്‌ക്വാഡിൽ ഭുവനേശ്വർ കുമാറിന് പകരം ചാഹറിനെ നമുക്ക് ഉൾപ്പെടുത്താൻ സാധിക്കും. ഭുവനേശ്വറിനെക്കാൾ മികച്ച ക്രിക്കറ്ററാണ് ചാഹർ എന്നെനിക്ക് തോന്നുന്നു.”- കനേറിയ പറയുന്നു.

   

2024ലെ ട്വന്റി20 ലോകകപ്പിൽ ഭുവനേശ്വർ കുമാർ കളിക്കാനുള്ള സാധ്യതകൾ കുറവാണെന്നും കനേറിയ പറഞ്ഞു. “4 ഓവറുകളിൽ 40 റൺസ് വിട്ടുനൽകുന്ന ബോളറെയാണോ നമുക്ക് വേണ്ടത്? ഭുവനേശ്വറിൽ നിന്ന് മാറാനുള്ള സമയമായി. ഇവിടെ പ്രസീദ് കൃഷ്ണയും നടരാജനുമുണ്ട്. നടരാജൻ ഒരു മികച്ച ഇടങ്കയ്യൻ ബോളറാണ്. അർഷദീപ് സിങ്ങുമുണ്ട്. എന്തായാലും അടുത്ത ലോകകപ്പിന് ഭുവനേശ്വർ കുമാർ ഫിറ്റായിരിക്കുമെന്ന് തോന്നുന്നില്ല.”- കനേറിയ കൂട്ടിച്ചേർക്കുന്നു.

   

ന്യൂസിലാൻഡിനെതിരായ അവസാനത്തെ മത്സരത്തിൽ നാല് ഓവറുകളിൽ 35 റൺസായിരുന്നു ഭുവനേശ്വർ കുമാർ വിട്ടുനൽകിയത്. ട്വന്റി20 ലോകകപ്പിൽ മികച്ച പ്രകടനങ്ങൾ ഭുവനേശ്വർ കാഴ്ചവെച്ചെങ്കിലും സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ തല്ലു വാങ്ങിയിരുന്നു. രണ്ട് ഓവറുകളിൽ 25 റൺസായിരുന്നു ഭുവനേശ്വർ അന്ന് വിട്ടു നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *