പന്ത് ഇന്ത്യയ്ക്ക് ഒരു ബാധ്യത!! ഇന്ത്യ സഞ്ജുവിനെ ട്വന്റി20യിൽ ഇറക്കാൻ തയാറാവണം – സോധി

   

കഴിഞ്ഞ മത്സരങ്ങളിലോക്കെയും ബാറ്റിംഗിൽ പരാജയമറിഞ്ഞിട്ടും ഇന്ത്യ റിഷഭ് പന്തിന് വീണ്ടും അവസരങ്ങൾ നൽകുകയാണ്. സഞ്ജു സാംസണെയും ഗില്ലിനെയും പോലെയുള്ള മികച്ച യുവതാരങ്ങൾ സൈഡ് ബെഞ്ചിൽ ഇരിക്കുമ്പോൾ ഇത്തരത്തിൽ പന്തിന് അവസരങ്ങൾ നൽകുന്നതിലെ യുക്തി വ്യക്തമല്ല. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് പന്ത് ഒരു ബാധ്യതയാണെന്ന് മുൻ ഇന്ത്യൻ താരം റീത്തീന്തർ സോധി പറയുന്നു. അതിനാൽതന്നെ ട്വന്റി20യിൽ റിഷഭ് പന്തിന് പകരം സഞ്ജുവിനെ കളിപ്പിക്കണം എന്നാണ് സോധി പറയുന്നത്.

   

“പന്ത് ഇന്ത്യക്ക് ഒരു ബാധ്യതയാണ്. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ ഇന്ത്യ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയേ സാധിക്കൂ. അങ്ങനെ ഒരു തീരുമാനം ഇന്ത്യയെടുക്കണം. കാരണം ഇത്തരത്തിൽ ലോകകപ്പിൽ നിന്നും, ഐസിസി ടൂർണമെന്റുകളിൽ നിന്നും തുടർച്ചയായി പുറത്താവുന്നത് അംഗീകരിക്കാനാവില്ല. ഒരാൾക്ക് ഒരുപാട് അവസരങ്ങൾ നൽകുമ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. മറ്റു യുവതാരങ്ങൾക്ക് അവസരം നൽകാനുള്ള സമയം എത്തിക്കഴിഞ്ഞു.”- സോധി പറയുന്നു.

   

“ഇനിയും എത്ര മത്സരങ്ങൾ അവന് ലഭിക്കുമെന്ന് കണ്ടുതന്നെ അറിയണം. സമയം അതിക്രമിക്കുകയാണ്. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഇത്രയധികം കാലം നമ്മൾ ഒരു കളിക്കാരനെ ആശ്രയിക്കേണ്ടതില്ല. അയാൾ നന്നായി കളിക്കുന്നില്ലെങ്കിൽ പുറത്തേക്കുള്ള വഴികാട്ടി കൊടുക്കണം.”- സോധി കൂട്ടിച്ചേർക്കുന്നു.

   

2022ൽ ട്വന്റി20കളിൽ 21 ഇന്നിംഗ്സുകളിൽ നിന്നായി 21 റൺസ് ശരാശരിയിൽ 364 റൺസാണ് പന്ത് നേടിയത്. ഇതേസമയം സഞ്ജു 5 ഇന്നിംഗ്സുകളിൽ 44 റൺസ് ശരാശരിയിൽ 179 റൺസ് നേടിയിരുന്നു. എന്നിട്ടും കിവികൾക്കെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജുവിന് ടീമിൽ ഇടം ലഭിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *