ഇത്തരം വിക്കറ്റുകളിൽ അക്രമം തന്നെയാണ് ഏറ്റവും നല്ല പ്രതിരോധം!! തന്റെ ഇന്നിങ്സിനെപ്പറ്റി പാണ്ട്യ!!

   

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ മൂന്നാം ട്വന്റി20 മത്സരം സമനിലയിൽ കലാശിച്ചതോടെ ഇന്ത്യ പരമ്പര 1-0ന് സ്വന്തമാക്കി. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിറങ്ങിയ ഇന്ത്യയെ ഹർദിക് പാണ്ട്യയായിരുന്നു പരമ്പരയിൽ നയിച്ചത്. മൂന്നാം മത്സരത്തിൽ നിർണായ സമയത്ത് ബാറ്റിംഗിനിറങ്ങി ന്യൂസിലാൻഡ് ബോളർമാരെ ആക്രമിച്ചു തന്നെയായിരുന്നു പാണ്ട്യ കളിച്ചത്. മത്സരത്തിൽ 18 പന്തുകളിൽ 30 റൺസ് നേടിയ പാണ്ട്യ പുറത്താവാതെ നിന്നു. തന്റെ ഇന്നിങ്സിനെ പറ്റി മത്സരശേഷം പാണ്ട്യ സംസാരിക്കുകയുണ്ടായി.

   

ഇത്തരം വിക്കറ്റുകളിൽ ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധം എന്നായിരുന്നു ഹർദിക് പാണ്ഡ്യ പറഞ്ഞത്. “മത്സരം മുഴുവൻ ഓവറുകളും കളിച്ചു വിജയിക്കാനായിരുന്നു ആഗ്രഹം. എന്നാൽ സംഭവിച്ചത് ഇങ്ങനെയാണ്. ചില സമയങ്ങളിൽ ഇത്തരം വിക്കറ്റുകളിൽ ആക്രമണം തന്നെയാണ് ഏറ്റവും നല്ല പ്രതിരോധം എന്നെനിക്ക് തോന്നി.”- ഹർദിക് പാണ്ഡ്യ പറഞ്ഞു.

   

“മത്സരത്തിന്റെ തുടക്കത്തിൽ കുറച്ചു വിക്കറ്റുകൾ നഷ്ടമായെങ്കിലും 10-15 റൺസ് അധികമായി നേടുന്നതിന്റെ പ്രാധാന്യം ഞാൻ മനസ്സിലാക്കിയിരുന്നു. കാരണം അത്രമാത്രം മികച്ച ബോളിങ് നിരയായിരുന്നു ന്യൂസിലാൻഡിന്റേത്.”- പാണ്ട്യ കൂട്ടിച്ചേർത്തു. മത്സരത്തിൽ മൂന്ന് ഓവറുകളിൽ 21ന് 3 എന്ന നിലയിൽ ഇന്ത്യ പതറുമ്പോളായിരുന്നു ഹർദിക് പാണ്ട്യ ക്രീസിലെത്തിയത്. ശേഷം പാണ്ട്യ മൂന്നു ബൗണ്ടറികളും ഒരു സികസറും മത്സരത്തിൽ നേടുകയുണ്ടായി.

   

ഇത്തരം മത്സരങ്ങൾ യുവതാരങ്ങൾക്ക് നൽകുന്ന അവസരങ്ങളെപ്പറ്റിയും പാണ്ട്യ മത്സരശേഷം പറഞ്ഞു. “കുറച്ചധികം കളിക്കാരെ പരീക്ഷിക്കാനുള്ള അവസരങ്ങൾ ഇത്തരം മത്സരങ്ങൾ നൽകുന്നുണ്ട്. എന്നാൽ കാലാവസ്ഥയെ നമുക്ക് ഒരിക്കലും നിയന്ത്രിച്ചുനിർത്താൻ സാധിക്കാത്തതാണ്. അതിനാൽ മികച്ച പ്രകടനം തന്നെയാണ് ടീമിന്റെ ഭാഗത്തുനിന്നുണ്ടായത്.”- പാണ്ട്യ പറഞ്ഞുവെക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *