ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ നായകൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും മികച്ച പ്രകടനം തന്നെയായിരുന്നു ഹർദിക്ക് പാണ്ട്യ കാഴ്ചവച്ചത്. രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും പാണ്ട്യയുടെ ഈ നായകത്വമികവ് വളരെയധികം ദൃശ്യമായിരുന്നു. ശേഷം ഹർദിക്കിന് ആശംസകളുമായി ഒരുപാട് മുൻ താരങ്ങൾ എത്തുകയുണ്ടായി. ഒട്ടും തന്നെ ഭയമില്ലാത്ത നായകനാണ് ഹർദിക് പാണ്ട്യ എന്നാണ് ഇന്ത്യയുടെ മുൻ താരം വസീം ജാഫർ പറയുന്നത്.
ഹർദിക്കിന്റെ ന്യൂസിലാൻഡ് പരമ്പരയിലെ ചില തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ജാഫർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. “ഹർദിക്ക് റിസ്കെടുക്കാൻ ഒട്ടും തന്നെ ഭയമുള്ള ക്രിക്കറ്ററല്ല. രണ്ടാമത്തെ മത്സരത്തിൽ പത്തൊമ്പതാം ഓവർ ഹർദിക്ക് ഹൂഡയ്ക്ക് നൽകുന്നതും നാം കണ്ടതാണ്. ബോളിംഗിൽ ഹൂഡ അത്ര വിശ്വസ്തനായിരുന്നില്ല. പക്ഷേ ഹൂഡ ആ ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഇത്തരം തീരുമാനങ്ങൾ മൂലം മുൻപിലേക്ക് പോകുമ്പോൾ പലപ്പോഴും ഹർദിക്ക് പരാജയപ്പെടാൻ സാധ്യതയുണ്ട്. പക്ഷേ അയാൾ ഒരു ബുദ്ധിമാനായ നായകൻ തന്നെയാണ്.”- ജാഫർ പറയുന്നു.
“ഐപിഎല്ലിന് ശേഷം ഞാൻ ഹർദിക്കിന്റെ നായകത്വത്തെ പിന്തുടരുന്നുണ്ട്. നായകനായുള്ള ആദ്യ സീസണിൽ തന്നെ ഹർദിക്ക് കിരീടം സ്വന്തമാക്കുകയുണ്ടായി. അയാളുടെ ഏറ്റവും വലിയ പോസിറ്റീവ് അയാൾ മൈതാനത്ത് റിലാക്സ്ഡാണ് എന്നതാണ്. ഇത് മറ്റു കളിക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. അയാൾ സ്വയം ആസ്വദിക്കുന്നുമുണ്ട്. ക്യാപ്റ്റൻസി ഭാരം അയാളെ അലട്ടുന്നില്ല.”- ജാഫർ കൂട്ടിച്ചേർത്തു.
നിലവിൽ രണ്ടു ട്വന്റി20 പരമ്പരകളിലാണ് ഹർദിക് ഇന്ത്യയുടെ നായകനായിട്ടുള്ളത്. അയർലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യയെ 2-0ന് വിജയിപ്പിക്കാനും ന്യൂസിലാൻഡിനെതിരെ 1-0ന് വിജയിപ്പിക്കാനും പാണ്ട്യയ്ക്ക് സാധിച്ചു. ഇന്ത്യയെ സംബന്ധിച്ച് അടുത്ത ട്വന്റി20 ലോകകപ്പിലേക്കുള്ള നായകനാണ് ഹർദിക് പാണ്ഡ്യ.