ന്യൂസീലാൻഡിനെതിരെ അപ്രതീക്ഷിത സമനില!! ട്വന്റി20 പരമ്പര സ്വന്തമാക്കി ഇന്ത്യ!!

   

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ അവസാന ട്വന്റി20 സമനിലയിൽ. മഴയുടെ സാന്നിധ്യം മൂലം സമനിലയിലായ മത്സരത്തിൽ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. ഈ സമനിലയോടെ 3 ട്വന്റി20കൾ അടങ്ങിയ പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കിയിട്ടുണ്ട്. പരമ്പരയിലെ ആദ്യ മത്സരവും മുമ്പ് മഴമൂലം പൂർണമായും ഉപേക്ഷിച്ചിരുന്നു. അതിനുശേഷമാണ് മൂന്നാം മത്സരം സമനിലയിൽ കലാശിച്ചത്.

   

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അത്ര മികച്ച തുടക്കമായിരുന്നില്ല ന്യൂസിലാൻഡിന് ലഭിച്ചത്. തുടക്കത്തിൽ തന്നെ ന്യൂസിലൻഡിന് ബാറ്റർ ഫിൻ അലനെ നഷ്ടമായി. ശേഷമെത്തിയ ചാപ്മാനും കൂടാരം കയറി. എന്നാൽ നാലാം വിക്കറ്റിൽ ഗ്ലെന്‍ ഫിലിപ്സും (54) ഡെവൻ കോൺവെയും (59) ന്യൂസിലാൻഡിനായി മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ചു. ഒരു നിമിഷം ന്യൂസിലാൻഡ് സ്കോർ 200 കടക്കും എന്നുപോലും കരുതി. എന്നാൽ അവസാന ഓവറുകളിൽ ഇന്ത്യയുടെ പേസർമാരായ സിറാജും അർഷദീപ് സിംഗും ന്യൂസിലാൻഡിനെ എറിഞ്ഞുവീഴ്ത്തി. ഇരുവരും മത്സരത്തിൽ നാലു വിക്കറ്റുകൾ വീതം സ്വന്തമാക്കിയപ്പോൾ ന്യൂസിലാൻഡ് സ്കോർ 160 റൺസിൽ ഒതുങ്ങി.

   

മറുപടി ബാറ്റിംഗിൽ ആക്രമിച്ച് കളിക്കാനാണ് ഇന്ത്യൻ ഓപ്പണർമാർ ശ്രമിച്ചത്. എന്നാൽ ഇഷാൻ കിഷനെയും (10) പന്തിനെയും (13) ന്യൂസിലാൻഡ് തുടക്കത്തിലെ വീഴ്ത്തി. പിന്നാലെ വന്ന ശ്രേയസ് അയ്യരും പൂജ്യനായി മടങ്ങിയതോടെ ഇന്ത്യ പതുങ്ങി. എന്നാൽ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ നേരിട്ട ആദ്യ പന്ത് മുതൽ അടിച്ചുതകർത്തു. മറുവശത്ത് സൂര്യകുമാർ കൂടാരം കയറിയിട്ടും പാണ്ട്യ കുലുങ്ങിയില്ല. അങ്ങനെ 9 ഓവറുകളിൽ ഇന്ത്യ 75ന് 4 എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴയെത്തിയത്.

   

9 ഓവറുകളിൽ ഡെക്കവർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയ്ക്ക് വിജയിക്കാൻ ആവശ്യമായ സ്കോർ 76 റൺസായിരുന്നു. അതിനാൽതന്നെ മത്സരം സമനിലയിൽ കലാശിച്ചു. ഇതോടെ ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. നവംബർ 25നാണ് ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *