ഇന്ത്യക്കായി 2022 ട്വന്റി20 ലോകകപ്പിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു സൂര്യകുമാർ യാദവ് പുറത്തെടുത്തത്. ശേഷം ന്യൂസിലാൻഡിനെതിരായ പരമ്പരയിലേക്ക് വന്നപ്പോഴും സൂര്യകുമാറിന് യാതൊരു മാറ്റവുമില്ല. മറ്റുബാറ്റർമാർ പതറിയ പിച്ചുകളിൽ പോലും സൂര്യകുമാർ ആദ്യബോൾ മുതൽ അടിച്ചുതകർക്കുന്നു. ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20യിലും ഇതുതന്നെയാണ് കാണാനായത്. സൂര്യകുമാറിനെ ക്രീസിൽ ശാന്തനാക്കാനുള്ള ഏകവഴി അയാൾക്ക് സ്ട്രൈക്ക് നൽകാതിരിക്കുക മാത്രമാണെന്ന് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര പറയുന്നു.
സൂര്യകുമാറിന്റെ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ആകാശ് ചോപ്ര ഈ പ്രസ്താവന നടത്തിയത്. “ഗുവാഹത്തി, പേർത്ത്, സിഡ്നി. എല്ലായിടത്തും അയാൾ നമ്മുടെ പതാക പാറിക്കുകയാണ്. അവന്റെ പേര് സൂര്യകുമാർ യാദവ് എന്നാണ്. എന്തുകൊണ്ടാണ് ഐസിസി ട്വന്റി ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാമതായത് എന്നവൻ കാണിക്കുന്നു.
സൂര്യയെക്കാൾ മികച്ച ബാറ്ററായി നിലവിൽ ആരുമില്ല. ടിം സൗതി പറഞ്ഞത് സൂര്യയെ തടഞ്ഞുനിർത്താനുള്ള ഒരൊറ്റ വഴി അവന് സ്ട്രൈക്ക് നൽകാതിരിക്കുക മാത്രമാണെന്നാണ്”- ആകാശ് ചോപ്ര പറയുന്നു. ഇതോടൊപ്പം ഇന്ത്യയുടെ ആദ്യ സ്പെഷ്യലിസ്റ്റ് ട്വന്റി20 ബാറ്റർ സൂര്യകുമാർ യാദവാണോ എന്നും ചോപ്ര ചോദിക്കുന്നു. “സൂര്യയാണോ നമ്മുടെ ആദ്യ ഒറിജിനൽ ട്വന്റി20 ബാറ്റർ? ബാക്കി എല്ലാവരും മൂന്നു ഫോർമാറ്റിലും കളിക്കുന്നുണ്ട്. എന്നാൽ സൂര്യ വ്യത്യസ്തനാണ്. അയാൾ സിക്സറുകളും ബൗണ്ടറുകളുമായി ബോളർമാരെ സ്വാഗതം ചെയ്യുന്നു.”- ചോപ്ര കൂട്ടിച്ചേർത്തു.
മത്സരത്തിൽ 11 ബൗണ്ടറികളും ഏഴ് സിക്സറുകളുമായിരുന്നു സൂര്യകുമാർ യാദവ് നേടിയത്. മാത്രമല്ല ട്വന്റി20 ക്രിക്കറ്റിൽ ഒരു വർഷം തന്നെ ഇന്ത്യക്കായി രണ്ടു സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററാണ് സൂര്യകുമാർ യാദവ്.