കിട്ടേണ്ടവരുടെ കയ്യിൽ കിട്ടിയപ്പോൾ അവർ നിറഞ്ഞാടി!! ഹൂഡയെയും ചാഹലിനെയും ലോകകപ്പിൽ ഉപയോഗച്ചതിലെ അപാകത ചർച്ച ചെയ്ത് ട്വിറ്റർ!!

   

2022ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീം തങ്ങളുടെ കളിക്കാരെ ഉപയോഗിച്ച രീതിയേ വിമർശിച്ച് ഒരുപാട് താരങ്ങൾ രംഗത്ത് വരികയുണ്ടായി. ലോകകപ്പിലെ ഒരു മത്സരത്തിൽ പോലും ഇന്ത്യ ചാഹലിനെ ഉപയോഗിക്കാതിരുന്നതിനും, ഹൂഡയെ ബോൾ ചെയ്യിക്കാതിരുന്നതിനുമൊക്കെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ അന്ന് ലോകകപ്പിൽ രോഹിത്തും ഇന്ത്യയും എടുത്ത തീരുമാനങ്ങൾ തെറ്റായിരുന്നു എന്ന് തോന്നിക്കുന്ന പ്രകടനമാണ് ഹൂഡയും ചാഹലും ന്യൂസിലാൻഡിനെതിരായ ട്വന്റി20 മത്സരത്തിൽ കാഴ്ചവച്ചത്. മത്സരത്തിൽ ഹൂഡ നാല് വിക്കറ്റുകളും ചാഹൽ രണ്ട് വിക്കറ്റുകളും നേടി തങ്ങളുടെ മൂല്യം കാട്ടിക്കൊടുത്തു.

   

മത്സരത്തിൽ ന്യൂസിലാൻഡ് മണ്ണിലെ ഒരു ഇന്ത്യൻ ബോളറുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ദീപക് ഹൂഡ പുറത്തെടുത്തത്. മൂന്നോവറുകളിൽ പന്തെറിഞ്ഞ ഹൂഡ 10 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. ട്വന്റി20 ലോകകപ്പിൽ എന്തുകൊണ്ട് ഹൂഡയ്ക്ക് മതിയായ രീതിയിൽ ബോൾ നൽകിയില്ല എന്ന ചോദ്യത്തിന് ആക്കം കൂട്ടുന്ന പ്രകടനമാണിത്. അതിനാൽതന്നെ ട്വിറ്ററിലൂടനീളം ഇതിനെ ചോദ്യംചെയ്ത് ആരാധകർ രംഗത്ത് വരികയുണ്ടായി.

   

പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പാണ്ട്യയുടെ, ഹൂഡയ്ക്കു ബോൾ നൽകാനുള്ള തീരുമാനത്തെ പ്രശംസിക്കുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം ലോകകപ്പിൽ ഇന്ത്യ ഹൂഡയെ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല എന്നും ട്വീറ്റുകൾ പറയുന്നു. ബാറ്റിംഗിൽ കൂടി സ്ഥിരത കണ്ടെത്തിയാൽ 2024 ട്വന്റി20 ലോകകപ്പിലേക്ക് ഉയർത്തിക്കൊണ്ടു വരാൻ സാധിക്കുന്ന ഓൾറൗണ്ടറാണ് ഹൂഡ എന്നും പലരും പറയുന്നു.

   

ഇതോടൊപ്പം ലോകകപ്പിൽ യൂസ്വെന്ദ്ര ചഹലിനെ ഇന്ത്യ കളിപ്പിക്കാത്തതിനേയും ആരാധകർ വിമർശിച്ചു. ലോകകപ്പിൽ സൈഡ് ബെഞ്ചിൽ ഇരിക്കേണ്ടി വന്ന ചാഹൽ ന്യൂസിലാൻഡിനെതിരെ 2 വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി. മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തുന്ന ഒരു ബോളർ ഇന്ത്യക്ക് ലോകകപ്പിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ ചാഹൽ മധ്യ ഓവറുകളിൽ വിക്കറ്റുകൾ നേടി ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *