സീനിയർ താരങ്ങളില്ലാതെ യുവനിരയുടെ ആറാട്ട്!! ഇത് ന്യൂസിലാൻഡ് മണ്ണിലെ ഏറ്റവും വലിയ വിജയം!!

   

ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മത്സരത്തിൽ 65 റൺസിനാണ് ഇന്ത്യ വിജയം കണ്ടത്. മത്സരത്തിലൂടനീളം ഇന്ത്യൻ ആധിപത്യം തന്നെയാണ് കാണാനായത്. ന്യൂസിലാൻഡിനെ പൂർണ്ണമായും ചുരുട്ടികെട്ടുന്നതിൽ ഇന്ത്യൻ യുവനിര വിജയം കണ്ടു. ബാറ്റിംഗിൽ സൂര്യകുമാർ യാദവും ബോളിങ്ങിൽ ഹൂഡയും ചാഹലും സിറാജും ഇന്ത്യക്കായി മത്സരത്തിൽ തിളങ്ങി.

   

മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണും ഗില്ലും ഉമ്രാൻ മാലിക്കുമില്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. ഓപ്പണായി ഇറങ്ങിയ പന്തിന് മത്സരത്തിൽ വലുതായി ഒന്നും ചെയ്യാനായില്ല. എന്നാൽ മറുവശത്ത് ഇഷാൻ കിഷൻ ആദ്യ ഓവറുകളിൽ റൺസ് ഉയർത്തി. ശേഷം മൂന്നാമനായിറങ്ങിയ സൂര്യകുമാർ അടിച്ചു തകർക്കുന്നതാണ് കണ്ടത്. ഒരുവശത്ത് ഇന്ത്യൻ വിക്കറ്റുകൾ നഷ്ടമായപ്പോൾ മറുവശത്ത് സൂര്യകുമാർ അടിച്ചുതകർത്തു. മത്സരത്തിൽ 51 പന്തുകളിൽ 111 റൺസാണ് സൂര്യകുമാർ നേടിയത്. സൂര്യയുടെ ഈ തകർപ്പൻ ഇന്നിംഗ്സിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 191 റൺസ് ഇന്ത്യ നേടി.

   

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിന്റെ മുൻപിൽ ഇന്ത്യൻ ബോളർമാർ തീതുപ്പി. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ ഫിൻ അലനെ ഭുവനേശ്വർ പൂജ്യനാക്കി മടക്കി. മൂന്നാമനായിറങ്ങിയ വില്യംസൺ റൺസ് കണ്ടെത്തിയെങ്കിലും സ്കോറിങ് ഉയർത്തുന്നതിൽ പരാജയപ്പെട്ടു. ഒപ്പം കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ നേടാൻ സാധിച്ചതും ഇന്ത്യയ്ക്ക് ഗുണം ചെയ്തു. ഇന്ത്യക്കായി ഓൾറൗണ്ടർ ദീപക് ഹൂഡ നാല് വിക്കറ്റുകളും, സിറാജും ചാഹലും രണ്ട് വിക്കറ്റുകളും മത്സരത്തിൽ നേടി. മത്സരത്തിൽ 65 റൺസിനായിരുന്നു ഇന്ത്യ വിജയം കണ്ടത്.

   

രോഹിത്തും കോഹ്ലിയും രാഹുലുമടക്കം സീനിയർ കളിക്കാരില്ലാതെയിറങ്ങിയ ഇന്ത്യയെ സംബന്ധിച്ച് ഈ വിജയം പുത്തനുണർവാണ് നൽകുന്നത്. ന്യൂസിലാൻഡ് മണ്ണിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ട്വന്റി20 വിജയവുമാണിത്. അടുത്ത ലോകകപ്പിലേക്ക് പുതിയൊരു ടീമിനെ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ ടീമിന് ഈ വിജയം കൈമുതലാവും. ഇതോടെ ഇന്ത്യ ട്വന്റി20 പരമ്പരയിൽ 1-0ന് ഇന്ത്യ മുൻപിലെത്തിയിട്ടുണ്ട്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ തന്നെ ഒരു മത്സരമാണ് അവശേഷിക്കുന്നത്. ചൊവ്വാഴ്ചയാണ് പരമ്പരയിലെ അവസാന ട്വന്റി20 നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *