2022 ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ ആയിരുന്നു ഇന്ത്യ പുറത്തായത്. പലരും ഇന്ത്യ ജേതാക്കളാവും എന്ന് വിധിയെഴുതിയപ്പോൾ ഈ പരാജയം ഇന്ത്യൻ ആരാധകരെ പൂർണമായും നിരാശയിലാക്കിയിരുന്നു. ഇതിനു പിന്നാലെ ഒരുപാട് വിമർശനങ്ങളും ഇന്ത്യൻ ടീമിനെ തേടിയെത്തുകയുണ്ടായി. എന്നാൽ ഇന്ത്യ സെമിഫൈനലിൽ എത്തിയത് ആരാധകർ നേട്ടമായി തന്നെ കാണണമെന്നാണ് ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഇപ്പോൾ പറയുന്നത്.
ഇന്ത്യ ഫൈനലിൽ എത്താത്തതിൽ എല്ലാവർക്കും നിരാശയുണ്ടെന്നത് ശരിയാണെന്നും അശ്വിൻ പറയുന്നു. “ഇന്ത്യൻ ടീം ഫൈനലിൽ എത്താത്തതിലും, ടൂർണമെന്റിൽ വിജയിക്കാൻ സാധിക്കാത്തതിലും എല്ലാവർക്കും വിഷമവും നിരാശയുമുണ്ട്. അത് ഞാൻ പൂർണ്ണമായും അംഗീകരിക്കുന്നു. എന്ത് ക്ഷമാപണം നടത്തിയാലും അത് ആർക്കും മറക്കാൻ സാധിക്കില്ല. തീർച്ചയായും അതൊരു നിരാശജനകമായ കാര്യമാണ്. എന്നിരുന്നാലും നമ്മൾ മുൻപിലേക്ക് പോയെ മതിയാവൂ.”-അശ്വിൻ പറയുന്നു.
“എന്നിരുന്നാലും ഇതൊരു നിരാശ പടർത്തിയ ക്യാമ്പയിനായിരുന്നു എന്ന് നമുക്ക് പറയാൻ സാധിക്കില്ല. നമ്മൾ സെമിഫൈനലിലാണ് പരാജയപ്പെട്ടത്. ഫൈനലിലും സെമി ഫൈനലിലും എത്തുക എന്നത് വലിയ നേട്ടം തന്നെയാണ്. എന്നിരുന്നാലും ഇന്ത്യൻ ആരാധകരുടെ കാഴ്ചപ്പാടിൽ ടീമിനെ പറ്റി വലിയ പ്രതീക്ഷകൾ തന്നെയുണ്ടായിരുന്നു. അതിനാൽ തന്നെ അവരെക്കാൾ 200-300 മടങ്ങ് നിരാശരാണ് ഞങ്ങൾ കളിക്കാർ.”- അശ്വിൻ കൂട്ടിച്ചേർക്കുന്നു.
നിലവിൽ ഇന്ത്യ ന്യൂസിലാൻഡിനെതിരെ ട്വന്റി20 പരമ്പരയിലാണ് കളിക്കുന്നത്. പരമ്പരയിൽ നിന്ന് ഇന്ത്യ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഹർദിക് പാണ്ട്യയാണ് ഇന്ത്യയുടെ പരമ്പരയിലെ നായകൻ. 3 ട്വന്റി20യ്ക്ക് ശേഷം മൂന്ന് ഏകദിന മത്സരങ്ങളും ഇന്ത്യ ന്യൂസിലാൻഡിൽ കളിക്കും.