ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ സൂര്യകുമാർ യാദവിന് തകർപ്പൻ സെഞ്ച്വറി. തന്റെ ട്വന്റി20 കരിയറിൽ ഇത് രണ്ടാം തവണയാണ് സൂര്യകുമാർ യാദവ് ഇന്ത്യക്കായി സെഞ്ച്വറി നേടുന്നത്. മത്സരത്തിൽ 49 പന്തുകളിലായിരുന്നു സൂര്യകുമാർ യാദവ് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ടിം സൗതിയും ലോക്കി ഫെർഗ്യൂസനുമടങ്ങുന്ന ന്യൂസിലാൻഡ് ബോളിംഗ് നിരയ്ക്കെതിരെ സൂര്യകുമാർ അഴിഞ്ഞാടുകയായിരുന്നു.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ന്യൂസിലാൻഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇഷാൻ കിഷനും ഋഷഭ് പന്തുമാണ് ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. പന്ത് പതിവുപോലെ പതറിയപ്പോൾ ഇഷാൻ കിഷൻ(36) ഭേദപ്പെട്ട പ്രകടനം നടത്തി. മത്സരത്തിൽ മൂന്നാമനായിയായിരുന്നു സൂര്യകുമാർ ക്രീസിൽ എത്തിയത്. ആദ്യ ബോൾ മുതൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ സൂര്യകുമാർ അടിച്ചുതകർത്തു. ന്യൂസിലാൻഡ് ബോളർമാരുടെ പേസ് സൂര്യ മികച്ച രീതിയിൽ തന്നെ ഉപയോഗിച്ചു. മറ്റു ബാറ്റർമാർ വലിയ സംഭാവനകൾ നൽകാതെ പോയ ഇന്നിങ്സിൽ സൂര്യയുടെ ഒരു വൺമാൻഷോ തന്നെയാണ് കണ്ടത്.
മത്സരത്തിൽ 51 പന്തുകളിൽ 111 റൺസ് നേടിയ സൂര്യ പുറത്താവാതെ നിന്നു. ഇന്നിംഗ്സിൽ 11 ബൗണ്ടറികളും ഏഴ് പടുകൂറ്റൻ സിക്സറുകളുമായിരുന്നു ഉൾപ്പെട്ടത്. പ്രധാനമായും ന്യൂസിലാൻഡിലെ ചെറിയ ബൗണ്ടറികൾ അങ്ങേയറ്റം ഉപയോഗിക്കുന്നതിൽ തന്നെയായിരുന്നു സൂര്യ ശ്രദ്ധിച്ചത്. കൃത്യമായ ഗ്യാപ്പുകൾ കണ്ടെത്തി വിക്കറ്റിന് പിന്നിലേക്ക് റാംപ് ഷോട്ടുകൾ തൊടുത്തുവിടാനും സൂര്യകുമാർ യാദവിന് സാധിച്ചു.
സൂര്യയുടെ ഈ വെടിക്കെട്ടിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 192 റൺസാണ് ഇന്ത്യ നേടിയത്. ഒരു സമയത്ത് ഇന്ത്യൻ സ്കോർ 170ൽ ഒതുങ്ങുമെന്ന് തോന്നിയെങ്കിലും അവസാന ഓവറുകളിലെ സൂര്യകുമാറിന്റെ താണ്ഡവം ഇന്ത്യക്ക് രക്ഷയായി