ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യൻ നിരയിലെ 7 കളിക്കാർക്കും കോച്ചിനും ഇന്ത്യ വിശ്രമം അനുവദിക്കുകയുണ്ടായി. ഇതിനെതിരെ പല മുൻതാരങ്ങളും രംഗത്തുവന്നിരുന്നു. ഇത്തരം ഒരു കീഴ്വഴക്കം ഇല്ലാത്തതിനാൽതന്നെ ഈ വിശ്രമം അനാവശ്യമാണെന്ന് പലരും പറയുകയുണ്ടായി. ഇങ്ങനെ സീനിയർ കളിക്കാരും കോച്ചും തുടർച്ചയായി വിശ്രമമെടുക്കുന്നത് ടീമിനെ ബാധിച്ചിട്ടുണ്ട് എന്നതും വസ്തുതയാണ്. എന്നാൽ അങ്ങനെ വിശ്രമം അനുവദിച്ചതിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.
ലോകകപ്പിനിടയിലെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ മൂലമാണ് ടീമിന് വിശ്രമം അനുവദിച്ചത് എന്ന് അശ്വിൻ പറയുന്നു. “ന്യൂസിലാൻഡിലേക്ക് മറ്റൊരു ഇന്ത്യൻ ടീം പോയതിന് പിന്നാലെ ഒരുപാട് വിമർശനങ്ങൾ വന്നിട്ടുണ്ട്. എന്തുകൊണ്ടാണ് ലക്ഷ്മണിന് മറ്റൊരു ടീമുമായി പോകേണ്ടിവന്നത് എന്ന് ഞാൻ പറയാം. ട്വന്റി20 ലോകകപ്പിനായി ദ്രാവിഡും ടീമും ഒരുപാട് കഠിനപ്രയത്നങ്ങൾ നടത്തിയിട്ടുണ്ട്. പ്ലാനിങ് മുതൽ. ഇത് ഞാൻ അടുത്തുനിന്ന് കണ്ടിട്ടുണ്ട്.
ഓരോ വേദിയിലും ഓരോ ടീമുകൾക്കെതിരെ എന്താണ് ചെയ്യേണ്ടത് എന്ന വ്യക്തമായ പ്ലാനുകളും ദ്രാവിഡിന് ഉണ്ടായിരുന്നു. അതിനാൽതന്നെ മാനസികപരമായി മാത്രമല്ല ശാരീരികപരമായും പൊള്ളലേറ്റിട്ടുണ്ട്. അതിനാൽ എല്ലാവർക്കും ഇടവേള ആവശ്യമായിരുന്നു.”- അശ്വിൻ പറഞ്ഞു. “രണ്ടാഴ്ചത്തെ ചെറിയ ഇടവേള മാത്രമാണ് സീനിയർ കളിക്കാർ ഇപ്പോൾ എടുക്കുന്നത്. ന്യൂസിലാൻഡ് പര്യടനം അവസാനിച്ചശേഷം ബംഗ്ലാദേശ് പര്യടനത്തിനായി ടീം സജ്ജമാകും. ഇക്കാരണങ്ങൾ കൊണ്ടാണ് ലക്ഷ്മണിനെ വ്യത്യസ്തമായ ഒരു ടീമിനെയും കൊണ്ട് ന്യൂസിലാൻഡിലേക്ക് വിടേണ്ടിവന്നത്. “-അശ്വിൻ കൂട്ടിച്ചേർത്തു.
“ഇത് കാണിക്കുന്നത് നമ്മുടെ ടീമിൽ ഒരുപാട് പ്രതിഭാശാലികളായ ക്രിക്കറ്റർമാർ ഉണ്ടെന്നു തന്നെയാണ്. അവർക്ക് ഇതിലൂടെ അവസരങ്ങളും ലഭിക്കുന്നുണ്ട്. കളിക്കാരിൽ മാത്രമല്ല കോച്ചിംഗ് മേഖലയിലും ഇന്ത്യ സുലഭമാണ്.”- അശ്വിൻ പറഞ്ഞുവെക്കുന്നു.