ഇന്ത്യ ഫിനിഷറായി സഞ്ജുവിനെ പാകപ്പെടുത്തണം!! അല്ലെങ്കിൽ അടുത്ത ലോകകപ്പിലും കാര്യങ്ങൾ കൈവിട്ടുപോകും – ഉത്തപ്പ

   

2022ലെ ട്വന്റി20 ലോകകപ്പിൽ ദിനേശ് കാർത്തിക്കിനെയായിരുന്നു ഇന്ത്യ ഫിനിഷറുടെ റോളിൽ അണിനിരത്തിയത്. എന്നാൽ ടൂർണമെന്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ കാർത്തിക്കിന് സാധിക്കാതെ വന്നു. 37കാരനായ കാർത്തിക്ക് ഇനിയൊരു ട്വന്റി20 ലോകകപ്പ് കളിക്കാനും സാധ്യതകൾ കുറവാണ്. അതിനാൽതന്നെ 2024 ട്വന്റി20 ലോകകപ്പിലേക്ക് ഇന്ത്യ മറ്റൊരു ഫിനിഷറെ കണ്ടെത്തേണ്ടതുണ്ട്. ഈ റോളിലേക്ക് സഞ്ജു സാംസണെയും ദീപക് ഹൂഡയെയും ഉയർത്തിക്കൊണ്ടുവരുന്നതാണ് ഉത്തമമെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ പറയുന്നു.

   

സഞ്ജുവിനും ഹൂഡയ്ക്കും കൂടുതൽ അവസരങ്ങൾ നൽകുന്നത് അവരെ ഫിനിഷറാക്കി മാറ്റാൻ സഹായകരമാകും എന്ന് ഉത്തപ്പ പറയുന്നു. “ഹാർദിക് എന്തായാലും അവിടെത്തന്നെ ഉണ്ടാവും. പക്ഷെ സഞ്ജുവും ഹൂഡയും ഫിനിഷറുടെ റോളിൽ കളിക്കണം. അടുത്ത ട്വന്റി20 ലോകകപ്പിലേക്ക് പോകുമ്പോൾ ഇവരിലേക്കാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടത്. നമ്മൾ അവരെ പാകപ്പെടുത്തേണ്ടതുണ്ട്. ആവശ്യമായ അവസരങ്ങൾ നൽകണം. എന്തെന്നാൽ അവർക്ക് മത്സരങ്ങൾ വിജയിപ്പിക്കാനാവും.”- ഉത്തപ്പ പറയുന്നു.

   

ഒപ്പം ഫിനിഷറുടെ റോളിൽ കളിക്കുന്നതാണ് ഏറ്റവും പ്രയാസകരമെന്നും ഉത്തപ്പ പറയുകയുണ്ടായി. “ആറാം നമ്പരിൽ ബാറ്റ് ചെയ്യുക എന്നാൽ അനായാസമല്ല. വിജയിക്കാനുള്ള സാധ്യതകളും കുറവാണ്. അതിനാൽതന്നെ ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫുകളും സെലക്ടർമാരുമൊക്കെ അല്പം ക്ഷമ കാണിച്ചേ മതിയാവൂ. നാലു മുതൽ ഏഴ് വരെയുള്ള ബാറ്റിംഗ് പൊസിഷനുകളാണ് ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും പ്രയാസകരം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.”- ഉത്തപ്പാ കൂട്ടിച്ചേർക്കുന്നു.

   

നിലവിൽ ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലെ സാന്നിധ്യങ്ങളാണ് സഞ്ജുവും ദീപക് ഹൂഡയും. നവംബർ 20നാണ് ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *