ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പര ഇന്നാണ് ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്കാണ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക. ട്വന്റി20 സ്ക്വാഡിൽ മലയാളി തരം സഞ്ജു സാംസണും നിറസാന്നിധ്യമാണ്. എന്നാൽ സഞ്ജു ടീമിൽ ഏത് പൊസിഷനിൽ കളിക്കും എന്നതിലെ സംശയങ്ങൾ ഉയരുകയാണ്. ഇതിനെപ്പറ്റിയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്. പരമ്പരയിൽ സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താനുള്ള സാധ്യതകൾ വിരളമാണ് എന്നാണ് ചോപ്ര പറയുന്നത്.
“ഇന്ത്യ സഞ്ജു സാംസണെ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇന്ത്യ ഏത് പൊസിഷനിൽ സഞ്ജുവിനെ കളിപ്പിക്കും? മൂന്നാം നമ്പറിൽ ഇന്ത്യക്ക് ശ്രേയസ് അയ്യരുണ്ട്. നാലാം നമ്പറിൽ സൂര്യകുമാർ യാദവുമുണ്ട്. അഞ്ചാം നമ്പരിൽ ഹർദിക് പാണ്ട്യയുണ്ട്. ഇതിനിടെ സഞ്ജുവിനെ ഏത് പൊസിഷനിൽ ഇന്ത്യയിറക്കും?- ആകാശ് ചോപ്ര ചോദിക്കുന്നു.
“സൂര്യകുമാർ എന്തായാലും നാലാം സ്ഥാനത്തിന് താഴേക്ക് ഇറങ്ങില്ല. അയ്യർ മൂന്നോ നാലോ നമ്പറിലെ ഇറങ്ങൂ. ഹർദിക്ക് 5ആം നമ്പറിലാണ് കളിക്കാറുള്ളത്. നേരത്തെ സഞ്ജു കളിച്ചിരുന്നത് ആറാം നമ്പറിലായിരുന്നു. പക്ഷേ അവിടെ സഞ്ജുവിനെ കളിപ്പിച്ചിട്ട് കാര്യമൊന്നും തന്നെയില്ല. ദീപക് ഹൂഡയെ ഇന്ത്യയ്ക്ക് 6ആം നമ്പറിൽ കളിപ്പിക്കാൻ സാധിക്കും. ഹൂഡ റൺസ് കണ്ടെത്തിയിരിക്കുന്നത് മുൻനിരയിലാണെങ്കിലും ഈ പൊസിഷനിൽ ചിലപ്പോൾ ഗുണം ചെയ്യും.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.
ഇതുവരെ ഇന്ത്യക്കായി 16 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 296 റൺസാണ് സഞ്ജു സാംസൺ നേടിയിട്ടുള്ളത്. 135 ആണ് സഞ്ജുവിന്റെ ട്വന്റി20 സ്ട്രൈക്ക് റേറ്റ്. വിൻഡീസിനെതിരെ ഓഗസ്റ്റിലായിരുന്നു സഞ്ജു തന്റെ അവസാന ട്വന്റി20 മത്സരം കളിച്ചത്.