ഞങ്ങൾ ആക്രമിച്ച് തന്നെ കളിക്കും!! പക്ഷെ സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം! ഇന്ത്യയുടെ തന്ത്രത്തെപറ്റി ലക്ഷ്മൺ

   

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പര ഇന്ന് ആരംഭിക്കുകയാണ്. മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ വിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ കോച്ച്. ലോകകപ്പ് ട്വന്റി20യിൽ ഇന്ത്യയുടെ ബാറ്റിംഗ് സമീപനങ്ങൾ ഒരുപാട് വിവാദമുയർത്തിയിരുന്നു. ഈ അവസ്ഥയിൽ ന്യൂസിലാൻഡിനെതിരെ ഏതുതരം സമീപനമാണ് ഇന്ത്യ പുറത്തെടുക്കുക എന്ന ചോദ്യമാണ് മുൻപിലുള്ളത്. ഇന്ത്യ പരമ്പരയിൽ ആക്രമണപരമായ മനോഭാവം തന്നെ പുറത്തെടുക്കും എന്നാണ് ഇന്ത്യയുടെ കോച്ചായ വിവിഎസ് ലക്ഷ്മൺ പറയുന്നത്.

   

ട്വന്റി20 ക്രിക്കറ്റിൽ ആക്രമണോത്സുകമായ രീതിയിലാണ് കളിക്കേണ്ടത് എന്ന ലക്ഷ്മൺ പറയുന്നു. “ട്വന്റി20യിൽ ആക്രമണത്തിന് തന്നെയാണ് പ്രാധാന്യം നൽകേണ്ടത്. അത്തരം സമീപനങ്ങൾ സ്വീകരിക്കാൻ സാധിക്കുന്ന കളിക്കാർ നമ്മുടെ സ്ക്വാഡിലുണ്ട്. അതിനാൽതന്നെ നായകന്റെയും എന്റെയും ഭാഗത്തുനിന്ന് കളിക്കാർക്കുള്ള സന്ദേശം ഇതാണ് : നമ്മൾ ആക്രമണപരമായി കളിക്കണം. എന്നാൽ കണ്ടീഷനും സാഹചര്യങ്ങളും ശ്രദ്ധിക്കണം. കൂടാതെ അനുഭവസമ്പത്തും ഉപയോഗിക്കണം.”- ലക്ഷ്മൺ പറഞ്ഞു.

   

ഇതോടൊപ്പം സീനിയർ കളിക്കാർക്ക് വിശ്രമം നൽകിയ തീരുമാനത്തെക്കുറിച്ചും ലക്ഷ്മൺ പറയുകയുണ്ടായി. “നമ്മുടെ സ്ഥിരം ടോപ് ഓർഡർ ബാറ്റർമാരായ രോഹിത്, രാഹുൽ, കോഹ്ലി എന്നിവർ പരമ്പരക്കില്ല. എന്നാൽ നമ്മുടെ സ്ക്വാഡിലുള്ള കളിക്കാരൊക്കെയും അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു പരിചയസമ്പന്നരാണ്. പ്രത്യേകിച്ച് ട്വന്റി20.”- ലക്ഷ്മൺ കൂട്ടിച്ചേർത്തു.

   

ഇതുകൂടാതെ ഇത്രയധികം കളിക്കാർ തങ്ങൾക്കുള്ളത് ഇന്ത്യൻ ടീമിന്റെ മാത്രം ഭാഗ്യമാണെന്ന് ലക്ഷ്മൺ പറയുകയുണ്ടായി. നവംബർ 20നാണ് ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ രണ്ടാം മത്സരം നടക്കുക. 22ന് പരമ്പരയിലെ അവസാന മത്സരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *